വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്കും രക്ഷ വേണം

Posted on: November 7, 2014 5:25 am | Last updated: November 6, 2014 at 9:56 pm

സ്വയംരക്ഷക്കായി വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കയാണ്. ഇതുസംബന്ധമായി വനം വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.
വന്യമൃഗ ശല്യം രൂക്ഷമാകുമ്പോള്‍ അവയെ കൊല്ലാന്‍ അനുവാദം നല്‍കണമെന്നത് വനം പ്രദേശങ്ങള്‍ക്ക് സമീപം താമസിക്കുന്നവരുടെയും മലയോര കര്‍ഷകരുടെയും കാലങ്ങളായുള്ള ആവശ്യമാണ്. വളരെ കര്‍ക്കശമാണ് നിലവിലെ വന്യമൃഗ സംരക്ഷണ നിയമം. സ്വയം രക്ഷക്കാണെങ്കില്‍ പോലും ഒരു മൃഗത്തെ കൊന്നാല്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അവന്റെ ജീവിതം തുലഞ്ഞത് തന്നെ. ഏതവസ്ഥയിലും വന്യമൃഗങ്ങളെ കൊല്ലണമെങ്കില്‍ റെയിഞ്ച് ഓഫീസറുടെ അനുമതി വാങ്ങിയിരിക്കണം. ഓഫീസര്‍ക്ക് അനുവാദം നല്‍കാനുമുണ്ട് കടമ്പകളേറെ. കാട്ടുമൃഗങ്ങള്‍ ശല്യം ചെയ്യുന്നതായി മലയോരവാസികള്‍ പരാതി നല്‍കിയാല്‍ ഓഫീസര്‍ കീഴുദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലും വിവരം അറിയിക്കണം. ശല്യക്കാരനായ വന്യമൃഗത്തിന്റെ നീക്കങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷം കഴിവതും വനത്തിലേക്ക് തന്നെ തിരിച്ചുവിടണമെന്നും മനുഷ്യജീവന് തീര്‍ത്തും ഭീഷണിയാണെന്ന് ശാസ്ത്രീയ മാര്‍ഗേണ ഉറപ്പ് വരുത്തിയ ശേഷമേ കൊല്ലാവൂ എന്നുമാണ് വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കൊല്ലാവൂ എന്നും ദേശീയ കടുവാ സംരക്ഷണ അതോറിറ്റി നിയമം അനുശാസിക്കുന്നു. ആക്രമിക്കാന്‍ വരുന്ന മൃഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഇത്തരം നിയമങ്ങള്‍ പാലിക്കണമെന്ന് വന്നാല്‍, നിയമങ്ങള്‍ പഠിച്ചിട്ടില്ലാത്ത വന്യമൃഗങ്ങള്‍ അതുവരെ കാത്തിരിക്കില്ലല്ലോ. അതിനകം അവ പലരെയും കൊന്നൊടുക്കുകയോ അക്രമിച്ചു മാരകമായി പരിക്കേല്‍പിക്കുയോ ചെയ്തിരിക്കും. സംസ്ഥാനത്ത് നൂറുക്കണക്കിനാളുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.
മനുഷ്യ ജീവനേക്കാള്‍ വന്യമൃഗങ്ങളുടെ ജീവനാണ് നമ്മുടെ വനനിയമത്തില്‍ വില. പേയിളകിയ തെരുവ് നായ്ക്കള്‍ക്ക് മനുഷ്യനേക്കാള്‍ മഹത്വം കല്‍പിക്കുന്ന മേനകാഗാന്ധിമാര്‍ ജീവിക്കുന്ന നാടാണല്ലോ ഇവിടം.മറ്റു രാജ്യങ്ങളില്‍ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ഇത്ര കര്‍ക്കശമല്ല. അവിടെ മനുഷ്യജീവനാണ് പ്രധാനം. വര്‍ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണുന്നതിനെ ക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഒരു യോഗത്തില്‍ എം കെ പ്രേമചന്ദ്രന്‍ എം പി രാജ്യത്തെ വനനിയമത്തിന്റെ ഇത്തരം അപാകതകള്‍ ചൂണ്ടിക്കാട്ടുകയും അത് ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിരുന്നു. ആദിവാസി സംഘടനകളും മലയോര വാസികളും പലപ്പോഴായി ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതുമാണ.് ഈ സാഹചര്യത്തിലായിരിക്കണം മന്ത്രിസഭ നിയമഭേദഗതിക്ക് തീരുമാനിച്ചത്.
വനപ്രദേശങ്ങളുടെ സമീപസ്ഥര്‍ക്ക് ജീവന്‍ രക്ഷാര്‍ഥം മാത്രമാണ് നിയമത്തില്‍ ഇളവനുവദിക്കുകയെന്നാണ് മന്ത്രി സഭാ തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. വനത്തിന്റെ സമീപസ്ഥര്‍ മാത്രമല്ല, നാട്ടിന്‍ പ്രദേശത്തുകാരും കര്‍ഷകരും നേരിടുന്നുണ്ട് വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യവും ആക്രമണവും. കടുവകളും പുലികളും ആനകളും നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും കൃഷി നശിപ്പിക്കുന്നതും പതിവ് വാര്‍ത്തയാണിന്ന്. ഇരുട്ടിന്റെ മറവില്‍ പാത്തും പതുങ്ങിയും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ പലപ്പോഴും മലയോരവാസികളടെ ഉറക്കം കെടുത്തുന്നു. വയനാട്ടില്‍ അടുത്തിടെ നാട്ടിലിറങ്ങിയ ഒരു കടുവയുടെ പരാക്രമങ്ങള്‍ ആഴ്ചകളോളം നീളുകയുണ്ടായി. കാട്ടുപന്നികളുടെ ശല്യവും വ്യാപകമാണിന്ന്. കര്‍ഷക സമൂഹത്തിന് അവ വന്‍ ഭീഷണിയായി മാറിയിരിക്കയാണ്. സംസ്ഥാനത്തിന്റ പല ഭാഗങ്ങളിലും കാട്ടുപന്നികള്‍ കൂട്ടത്തേടെ ഇറങ്ങി വന്നു കൃഷി നശിപ്പിക്കുന്നുണ്ട്. ആയിരക്കണക്കി പേര്‍ക്ക് ഇതുമൂലം കര്‍ഷക വൃത്തി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികക്ക് പുറത്തായിരുന്ന കാട്ടുപന്നികളെ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മൂലം അവയുടെ ആക്രമണമുണ്ടാകുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ തയാറാക്കിയ നിയമം മനുഷ്യ ജീവിതം ദുസ്സഹമാക്കുകയാണ്. സര്‍ക്കാറിന്റെ പരിഗണനയിലുള്ള വനം വകുപ്പ് നിയമ ഭേദഗതിയില്‍ കൃഷിനാശം വരുത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് സുതാര്യമായ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.