Connect with us

Articles

ഇരിക്കുന്നതാര്, നില്‍ക്കുന്നതാര്?

Published

|

Last Updated

തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം എത്ര കണ്ട് താഴ്ന്നാലും വേണ്ടില്ല, തങ്ങളുടെ ലാഭം പല മടങ്ങ് വര്‍ധിക്കുക മാത്രമാണ് വേണ്ടത്, അഥവാ അതു മാത്രമേ വേണ്ടൂ എന്ന കാഴ്ചപ്പാടാണ് കോര്‍പ്പറേറ്റുകള്‍ക്കുള്ളത്. അതനുസരിച്ച് വ്യവസായബന്ധ നിയമങ്ങളും തൊഴില്‍ നിയമങ്ങളും പരിഷ്‌കരിക്കണമെന്നതാണ് അവരുടെ ആവശ്യം. ഈ ആവശ്യം മുഴുവനായി അനുസരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തൊഴിലാളികളാണ് പരമപ്രധാനം എന്നും അവരുടെ വീക്ഷണത്തിലൂടെ മാത്രമേ താന്‍ തൊഴില്‍ നിയമങ്ങളെ കാണുന്നുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആണയിടുന്നതിനിടയിലാണ് ഇതും നടക്കുന്നത്. ഒരു ക്ഷേമരാഷ്ട്ര നിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍, തൊഴില്‍ നിയമങ്ങള്‍ ജനാധിപത്യപരമായി നവീകരിക്കുകയാണോ വേണ്ടത്, അതോ, ലാഭം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പരിഷ്‌കാരങ്ങള്‍ അതില്‍ വരുത്തുകയാണോ വേണ്ടത്? എന്ന കാഴ്ചപ്പാടുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നു കാണാം. സര്‍ക്കാറിന്റെയും അല്ലാതെയുമുള്ള നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് കരാര്‍ തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. ഇവരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് പോയിട്ട് ജീവനുപോലും ഒരു വിലയും ആരും കല്‍പ്പിക്കുന്നില്ല. അപകടങ്ങള്‍ സംഭവിച്ച് കരാര്‍ തൊഴിലാളികള്‍ മരണപ്പെട്ടാല്‍ പോലും ആര്‍ക്കും ഉത്തരവാദിത്വമില്ല. ഇന്ത്യയിലെമ്പാടും മനുഷ്യ ചൂഷണം അതിന്റെ പരമകാഷ്ഠയിലാണ് എന്നതാണ് വാസ്തവം. നോബല്‍ സമ്മാനാര്‍ഹിതനായ കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ തന്നെ അറിയാം, ഇന്ത്യയിലെ ബാല വേലയുടെ വ്യാപ്തി. പാര്‍ശ്വവത്കരിക്കപ്പെട്ട അസംഘടിത തൊഴിലാളികള്‍ നിരന്തരമായ പീഡനവും അരക്ഷിതത്വവുമാണ് അഭിമുഖീകരിക്കുന്നത്.
നവ ലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അമിതോത്സാഹത്തോടെ നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായി ഇന്ത്യാരാജ്യത്ത് കരാര്‍ തൊഴില്‍ വ്യാപകവും അതിസാധാരണവുമായ കാര്യമായി മാറി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമാണ് മാരുതി സുസൂക്കിയുടെ മനേസര്‍ (ഹരിയാന) പ്ലാന്റില്‍ 2012ല്‍ നടന്ന അനിഷ്ട സംഭവങ്ങള്‍. ഒരേ ജോലിക്ക് ഒരേ വേതനം എന്നതായിരുന്നു തൊഴിലാളി സമരത്തിലുയര്‍ത്തപ്പെട്ട ആവശ്യം. സമരം ഒത്തുതീര്‍ന്നില്ലെന്നു മാത്രമല്ല, തികച്ചും നിഷേധാത്മകമായ സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. സര്‍ക്കാര്‍ നോക്കി നില്‍ക്കുകയും ചെയ്തു. എല്ലാ സഹിഷ്ണുതയും നശിച്ച തൊഴിലാളികള്‍ അക്രമത്തിലേക്കു തിരിയുകയും ഇതിന്റെ ഭാഗമായി ജനറല്‍ മാനേജര്‍ അഗ്നിക്കിരയായി കൊല്ലപ്പെടുകയും ചെയ്തു.
കടുത്ത സാമ്പത്തിക-സാമൂഹിക ചൂഷണത്തിനാണ് തൊഴിലാളികള്‍ വിധേയമാകുന്നത്. അമ്പത് ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികളാണ് കേരളത്തിലെ കായിക ജോലികള്‍ മുഴുവനും ചെയ്യുന്നത്. കഞ്ചിക്കോട്ടെ ഇരുമ്പുരുക്കു ഫാക്ടറികള്‍ മുതല്‍ കൊച്ചി മെട്രോ വരെയുള്ള തൊഴിലിടങ്ങളിലെല്ലാം ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ഒഡീഷയില്‍ നിന്നും ഗതികെട്ട് എത്തിയ സഹോദരങ്ങളാണ് കഠിനമായ ജോലികളെല്ലാം ചെയ്യുന്നതെന്നു കാണാം. ഇവരുടെ യഥാര്‍ഥ കൂലി എത്രയാണ്, അവരുടെ ജീവിത സൗകര്യങ്ങളെന്തൊക്കെ എന്നതൊന്നും ആരും അന്വേഷിക്കുന്നില്ല. എഴുപത് ലക്ഷത്തോളം വൈറ്റ് കോളര്‍ ജോലിക്കാരും കേരളത്തിലെ അസംഘടിത മേഖലയിലുണ്ട്. ഇവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും ഈ നാട്ടുകാര്‍ തന്നെയാണ്. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, സ്വാശ്രയ പ്രൊഫഷനല്‍ കോളജുകള്‍, മാളുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ എന്നു വേണ്ട; പൊതുമേഖലയിലും സര്‍ക്കാര്‍ ഓഫീസില്‍ പോലും വിവിധ ജോലികള്‍ ചെയ്യാന്‍ അസംഘടിത മേഖലയില്‍ നിന്നുള്ളവരെ വ്യാപകമായി വിനിയോഗിക്കുന്നു. ആദിവാസികള്‍ നില്‍പു സമരം നടത്തുമ്പോള്‍, വ്യാപാര മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിടത്ത് അല്‍പനേരം ഇരിക്കാനുള്ള അവകാശമാണ് ചോദിക്കുന്നത്. കേരളത്തില്‍ നില്‍ക്കുന്നതാര്, ഇരിക്കുന്നതാര് എന്ന നിര്‍ണായകമായ ചോദ്യമായി മനുഷ്യരുടെ തൊഴില്‍/തൊഴിലില്ലായ്മ മേഖല പിളരുന്നതായി കാണാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയാണ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ ഐ ഐ എം എസ്). ഈ സ്ഥാപനത്തില്‍ ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളാണ് പണിയെടുക്കുന്നത്. തൂപ്പുകാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് മിനിമം കൂലി മാത്രമാണ് ലഭിക്കുന്നത്. മറ്റൊരു സുരക്ഷയുമില്ല. ട്രേഡ് യൂനിയനുകളുടെ സംഘടിത ശക്തിയും സമരശേഷിയും ഈ മേഖലകളില്‍ തീരെ കുറവാണെന്നതാണ് വാസ്തവം. രാഷ്ട്രം നിര്‍മിക്കാന്‍, ദേശം പുതുക്കിപ്പണിയാന്‍ അധ്വാനം ജയിക്കട്ടെ എന്ന് മോദി പറയുന്നതിനിടയിലാണ് ഇതൊക്കെയും നടക്കുന്നത്.
തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സംഘടിത മേഖലയിലെ എണ്‍പത് ശതമാനം തൊഴിലാളികളും കൂടി അരക്ഷിത മേഖലയിലേക്ക് തള്ളിവിടപ്പെടും എന്നാണ് സി ഐ ടി യു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറയുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള സംരക്ഷണ നിയമങ്ങള്‍ കൂടി ഇല്ലാതായാല്‍ തൊഴിലാളികളുടെ അവസ്ഥ ഇന്നത്തേതിലും ദയനീയമാകും.
ലേബര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ എണ്ണത്തില്‍ സംഭ്രമജനകമാം വണ്ണം കുറവ് വന്നിരിക്കുന്നുവെന്നാണ് കെ ആര്‍ ശ്യാം സുന്ദര്‍ ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനത്തില്‍ നിരീക്ഷിക്കുന്നത്. 1986ല്‍ 63 ശതമാനം സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കില്‍, 2008ലത് വെറും 18 ശതമാനം മാത്രമാണ്. ഇന്‍സ്‌പെക്ടര്‍ രാജില്‍ നിന്ന് മോചനം വേണം എന്ന മുതലാളിമാരുടെ ആവശ്യം ഏറെക്കുറെ നടപ്പിലായിരിക്കുന്നു എന്നു സാരം. പുറംകരാറും താത്കാലികത്തവും തൊഴിലാളികളുടെ എല്ലാ സുരക്ഷിതത്വവും തകര്‍ത്തിരിക്കുന്നു. നിര്‍മാണമേഖലയില്‍ ആരംഭിച്ച ഈ പുറംകരാര്‍/താത്കാലികത്ത തരംഗം സര്‍വീസ് മേഖലയിലേക്കും ബേങ്കിംഗ് മേഖലയിലേക്കും വ്യാപിച്ചതായി കാണാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ദാന സ്ഥാപനമായ റെയില്‍വെയെയും ഈ തരംഗം ആവേശിച്ചിരിക്കുകയാണ്. കാറ്ററിംഗും മറ്റും നേരത്തെ പുറംകരാര്‍ വത്കരിച്ചിരുന്നുവെങ്കില്‍, ശുചീകരണവും വെള്ളം നിറക്കലും ടിക്കറ്റ് കൊടുക്കലും തുടങ്ങി എല്ലാ ജോലികളും പുറം കരാര്‍ വത്കരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യവും സംസ്ഥാനവും മാലിന്യമുക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍, മാലിന്യക്കൂമ്പാരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന റെയില്‍വെസ്റ്റേഷനുകള്‍ രാജ്യത്തിനു തന്നെ അപമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ബോഗി അറ്റകുറ്റപ്പണികളും പാളം നന്നാക്കലും എല്ലാം പുറംകരാര്‍ വത്കരിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യുന്നതോടു കൂടി റെയില്‍വെ അപകടങ്ങള്‍ വര്‍ധിക്കാനും സാധ്യതയേറെയാണ്. പൊതുമേഖലാ ബേങ്കുകളടക്കം മുഴുവന്‍ ബേങ്കുകളിലും എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് പുറംകരാറിലൂടെ നല്‍കിക്കഴിഞ്ഞു.
2009-10ലെ ഒരു കണക്കനുസരിച്ച്, 5000ത്തിലുമധികം തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെല്ലാം പകുതിയിലധികം തൊഴിലാളികളും കരാര്‍ പണിക്കാരാണെന്നാണ് വ്യവസായ സ്ഥാപനങ്ങള്‍ സംബന്ധിച്ച വാര്‍ഷിക സര്‍വെ പറയുന്നത്. നിര്‍മാണ മേഖലയിലാകെ ഇതാണ് പ്രവണത. സ്ഥിരം ശമ്പളഘടന, സുരക്ഷിതത്വം, ശമ്പളത്തോടു കൂടിയ അവധികള്‍, അവധിയടക്കമുള്ള പ്രസവകാലാനുകൂല്യങ്ങള്‍, തൊഴിലിടത്തെ സംരക്ഷണം, വിരമിക്കുമ്പോഴുള്ള സാമ്പത്തിക ക്ഷേമ പദ്ധതികള്‍, ജോലിക്കാലത്ത് മരിച്ചാല്‍ ആശ്രിതര്‍ക്കുള്ള നിയമന സാധ്യത, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, ഇ എസ് ഐ എന്നിങ്ങനെയുള്ള വേവലാതികളൊന്നുമില്ലാതെ വാടകക്കെടുക്കുക-പറഞ്ഞുവിടുക (ഹയര്‍ ആന്റ് ഫയര്‍) എന്ന ഉപയോഗത്തിനു ശേഷം ഉപയോഗശൂന്യമാക്കുന്ന (യൂസ് ആന്റ് ത്രോ എവേ) മുതലാളിത്ത- ഉപഭോഗ രീതി തൊഴിലാളികളുടെ കാര്യത്തിലും സാക്ഷാത്കൃതമായിരിക്കുന്നു. നിര്‍മാണ മേഖലയിലെ ചെലവിനത്തില്‍ കൂലിയുടെ അനുപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.
നാല്‍പത് തൊഴിലാളികളിലും താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ പതിനാല് അടിസ്ഥാന തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് സമ്പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇ എസ് ഐ, വ്യവസായബന്ധനിയമം തുടങ്ങിയവയാണ് ഈ അടിസ്ഥാന നിയമങ്ങള്‍. ഈ സുരക്ഷയൊക്കെയും ഇല്ലാതാകുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും പങ്കാളിത്ത പെന്‍ഷന്‍ പോലുള്ള ഭീകരതകളിലേക്കും എടുത്തെറിയപ്പെടുന്നു. ബി എം എസ് അടക്കമുള്ള കേന്ദ്ര ട്രേഡ് യൂനിയനുകള്‍ ഇത്തരം തൊഴിലാളിവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ പരിഷ്‌കാരങ്ങള്‍ക്കെതിരെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന സംയുക്തസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
(ഫ്രണ്ട്‌ലൈന്‍ വാരികയുടെ 2014 നവംബര്‍ 14 ലക്കമാണ് ഈ ലേഖനത്തിന് പ്രചോദനം)

 

Latest