വിവാഹിതയായ മകള്‍ക്കും ആശ്രിത നിയമനത്തിന് അവകാശം: മദ്രാസ് ഹൈക്കോടതി

Posted on: November 6, 2014 11:32 pm | Last updated: November 6, 2014 at 11:33 pm

courtചെന്നൈ: വിവാഹിതയായ മകള്‍ക്ക് ആശ്രിത നിയമനത്തിന് അവകാശം നല്‍കാതിരിക്കുന്നത് വിവേചനമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹിതയായ മകന്, സര്‍വീസിലിരിക്കെ മരിച്ച പിതാവിന്റെ ജോലിക്ക് അര്‍ഹതയുണ്ടെങ്കില്‍ മകള്‍ക്കും ആ അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പി ആര്‍ രേണുകയെന്ന ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. രേണുകയുടെ പിതാവ് മൃഗ സംരക്ഷണ വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. സര്‍വീസിലിരിക്കെ 1998 ഫെബ്രുവരിയില്‍ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് മൂന്ന് പെണ്‍കുട്ടികളായിരിക്കുകയും അവരെല്ലാം വിവാഹിതരും ആയതിനാല്‍ ആശ്രിത നിയമനം അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെയാണ് രേണുക നിയമയുദ്ധം തുടങ്ങിയത്. വിവാഹിതയായെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ രേണുക പിതാവിനോടൊപ്പം കഴിയുകയായിരുന്നു. ‘വിവാഹിതനായ മകനും വിവാഹതിയായ മകളും തമ്മില്‍ വിവേചനം പാടില്ല.
വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ പുരുഷനെയും സ്ത്രീയെയും രണ്ടായി കാണുന്നത് വിവേചനത്തിനെതിരായ മൗലികാവകാശത്തിന്റെ ലംഘടമാണെ’ന്ന് രേണുകക്കനുകൂലമായി വിധിച്ച ജസ്റ്റിസ് ഡി ഹരിപരന്തമാന്‍ നിരീക്ഷിച്ചു.