ദുബൈ ട്രാം: ആര്‍ ടി എ കൂടുതല്‍ സിഗ്നലുകള്‍ ഏര്‍പ്പെടുത്തി

Posted on: November 6, 2014 8:50 pm | Last updated: November 6, 2014 at 8:50 pm

articles44-1ദുബൈ: അടുത്ത ആഴ്ച ട്രാം പ്രഥമ ഓട്ടം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആര്‍ ടി എ അധികൃതര്‍ ട്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ സിഗ്നലുകളുടെ ചിത്രങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റ് വാഹനങ്ങള്‍ ട്രാമുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാവുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ സിഗ്നലുകള്‍ ക്രമീകരിച്ചത്. ഈ മാസം 11നാണ് അല്‍ സുഫൂഹിലെ ദുബൈ പോലീസ് അക്കാഡമിയില്‍ നിന്ന് ആരംഭിച്ച് ദുബൈ മറീന, ജുമൈറ ബീച്ച് റെസിഡന്‍സ് വരെ ട്രാം സര്‍വീസ് ആരംഭിക്കുക. നിലവില്‍ റോഡരുകില്‍ സ്ഥാപിച്ച സിഗ്നലുകള്‍ക്ക് പുറമെ റോഡിലും ട്രാമുമായി ബന്ധപ്പെട്ട് പുതിയ സിഗ്നലുകളാണ് ആര്‍ ടി എ ഒരുക്കിയിരിക്കുന്നത്. ദുബൈയെ സംബന്ധിച്ചിടത്തോളം റോഡില്‍ സിഗ്നലുകള്‍ മാര്‍ക്ക് ചെയ്യുന്നത് ആദ്യമായാണ്.ട്രാം ബോക്‌സ് ജംഗ്ഷനുമായി ബന്ധപ്പെട്ട സിഗ്നലുകളാണ് റോഡില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. റോഡില്‍ ചുവപ്പ് ചിഹ്നം തെളിഞ്ഞാല്‍ ട്രാം ഉടന്‍ കടന്നുപോകുമെന്നതിനാല്‍ ആ സമയത്ത് വാഹനങ്ങള്‍ ട്രാം പാതയില്‍ നിന്നു നിശ്ചിത അകലത്തില്‍ നില്‍ക്കണം. മഞ്ഞ വര തെളിയുന്ന അവസരത്തില്‍ അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിച്ച് ട്രാം പാത മുറിച്ചു കടക്കാന്‍.
ട്രാം ഓടിതുടങ്ങുന്നതിന്റെ ഭാഗമായി ഏതാനും ആഴ്ച മുമ്പ് ആര്‍ ടി എ സെയ്ഫ് ഡ്രൈവിംഗ് മാന്വല്‍ പരിഷ്‌ക്കരിച്ചിരുന്നു. ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നവര്‍ക്കുള്ള മാന്വലിലാണ് ആര്‍ ടി എ പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നത്. ട്രാമുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത ചിഹ്നങ്ങളും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ട്രാമും വാഹനങ്ങളും കൂട്ടിയിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഗതാഗത ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹ്മദ് ബഹ്‌റൂസിയാന്‍ വ്യക്തമാക്കിയിരുന്നു.
ട്രാം പാതയിലേക്ക് ചുവപ്പ് സിഗ്നല്‍ മറികടന്നെത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ആര്‍ ടി എ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കലും 30,000 ദിര്‍ഹം പിഴയുമായിരിക്കും. 27,000 യാത്രക്കാര്‍ ദിനേന ട്രാം സര്‍വീസിനെ ആശ്രയിക്കുമെന്നാണ് ആര്‍ ടി എ കണക്കുകൂട്ടുന്നത്. ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക.