തിരുന്നാവായ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം നാളെ

Posted on: November 6, 2014 9:51 am | Last updated: November 6, 2014 at 9:51 am

തിരുന്നാവായ: നിര്‍മാണം പൂര്‍ത്തിയായ തിരുന്നാവായ റെയില്‍വെ മേല്‍പ്പാലം നാളെ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനും സംയുക്തമായി നിര്‍മിച്ചതാണ് മേല്‍പാലം.
2011ന് ഏപ്രില്‍ 28നാണ് നിര്‍മാണം തുടങ്ങിയത്. ആകെ 22 സ്പാനുകളും അപ്രോച്ച് റോഡുകളും കൂടി 538 മീറ്റര്‍ നീളവും രണ്ട് വരി ഗതാഗത്തിന് സാധ്യമാകുന്ന തരത്തില്‍ 8.5 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. പാലം നിര്‍മാണത്തിനും 260 സെന്റ് ഭൂമി ഏറ്റെടുത്ത വകയിലും യൂട്ടിലിറ്റി സര്‍വീസുകള്‍ മാറ്റി സ്ഥാപിച്ച വകയിലും കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തിലുമായി ആര്‍ ബി ഡി സി കെ 16.5 കോടി രൂപയും റെയില്‍വേ 3.1 കോടി രൂപയും ആകെ 19.6 കോടി രൂപയാണ് ചെലവഴിച്ചത്. തിരുനാവായ- പുത്തനത്താണി റോഡില്‍ നിര്‍മിച്ച ഈ റെയില്‍വേ മേല്‍പാലം മലബാറിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് സഹായകമാകും. ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. എം എല്‍ എമാരായ സി മമ്മുട്ടി, കെ ടി ജലീല്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എന്‍ ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുബൈദ തുടങ്ങിയവര്‍ സംസാരിക്കും.
രാവിലെ എട്ടിന് തിരുന്നാവായ ജംഗ്ഷനില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ തുറന്ന വാഹനത്തില്‍ ആനയിക്കും. 539 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുള്ള പാലത്തിന് 2011 ഫെബ്രുവരി 20നാണ് അന്നത്തെ മന്ത്രി പാലോളി മുഹമ്മദ്കുട്ടി തറക്കല്ലിട്ടിത്. ഇതോടു കൂടി തിരുന്നാവായ – പുത്തനത്താണി റൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരമായി.
അതേ സമയം പഞ്ചായത്ത് യു ഡി എഫ് കണ്‍വീനറടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്ത് പി ഡി പി നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം നാലിന് എടക്കുളം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നറിയിച്ചു.
ഉദ്ഘാടന വേദി മയ്യത്തങ്ങാടിയിലേക്ക് മാറ്റിയതിലും അപ്രോച്ച് റോഡിന്റെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ചും എട്ടാം വാര്‍ഡ് മെമ്പര്‍ വി മൊയ്തീന്‍കുട്ടി നാളെ രാവിലെ മുതല്‍ ഉദ്ഘാടന വേദിക്കു സമീപം സത്യഗ്രഹമിരിക്കുമെന്നും അറിയിച്ചു.