യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Posted on: November 6, 2014 9:30 am | Last updated: November 6, 2014 at 9:30 am

താമരശ്ശേരി: വയനാട് ചുരത്തില്‍വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തില്‍ മാഹി സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. പാറക്കല്‍ പാറമ്മല്‍ വീട്ടില്‍ സനിത് (സനു 23), പുഴിതല അയ്യിട്ടവളപ്പില്‍ പ്രിയേഷ്(22), പാറക്കല്‍ പട്ടാണിപറമ്പത്ത് സന്തോഷ്(24), പാറക്കല്‍ വളപ്പില്‍ അമല്‍നാഥ്(26) എന്നിവരെയാണ് താമരശ്ശേരി സി ഐ. എം ഡി സുനില്‍, സീനിയര്‍ സി പി ഒമാരായ പി കെ മോഹന്‍ദാസ്, കെ മോഹന്‍ദാസ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കുഴല്‍പ്പണ ഇടപാടുകാരനെന്ന് കരുതി മാനിപുരം കളരാന്തിരി സ്വദേശി അബ്ദുര്‍റഹിമാനെയാണ് കഴിഞ്ഞ സെപ്തംബറില്‍ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. വയനാട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന അബ്ദുര്‍റഹിമാനെ കാറില്‍ പിടിച്ചുകയറ്റി കൈയിലുണ്ടായിരുന്ന 3,400 രൂപയും മൊബൈലും കൈക്കലാക്കി ചുരത്തിന്റെ മുകള്‍ ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. സംഘം സഞ്ചരിച്ച കാര്‍ നേരത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ മാഹി ചോമ്പാല സ്വദേശി രതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. മാഹിയില്‍ നിന്ന് കവര്‍ച്ച ആസൂത്രണം ചെയ്താണ് സംഘം തമരശ്ശേരിയിലെത്തിയത്. രതീഷ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘത്തിലെ നാല്‌പേര്‍ പിടിയിലായത്. താമരശ്ശേരി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.