ഒമ്പതാം ക്ലാസുകാരിയുടെ വിവാഹം: വരനും രണ്ടാനച്ഛനും അറസ്റ്റില്‍

Posted on: November 6, 2014 5:18 am | Last updated: November 5, 2014 at 11:20 pm

വാടാനപ്പള്ളി: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത കേസില്‍ വരനെയും രണ്ടാനച്ഛനെയും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മണ്ണഴി കോല്‍ക്കളം മനക്കല്‍പടി ലെനിന്‍ ബാബു (രാജന്‍ 35), രണ്ടാനച്ഛന്‍ പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂര്‍ മണലിപ്പാടം രാജന്‍ (57) എന്നിവരാണ് അറസ്റ്റിലായത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ 9,10 വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിവാഹത്തെ എതിര്‍ക്കാതിരുന്ന മാതാവിനെതിരെ പതിനൊന്നാം വകുപ്പ് പ്രകാരവും കേസെടുക്കുമെന്ന് എസ് ഐ സജിന്‍ ശശി പറഞ്ഞു. വിവാഹം നടത്തി കൊടുത്ത പൂജാരിയുടെ പങ്ക് അന്വേഷിക്കും. അറസ്റ്റിലായ പ്രതികള്‍ മുമ്പ് വിവാഹിതരാണ്. ലെനിന്‍ ബാബു ഭാര്യയെ ഉപേക്ഷിച്ചാണ് ശൈശവ വിവാഹം നടത്തിയത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് മക്കളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാന്ന് 57 കാരനായ രാജനുമായി അടുപ്പത്തിലാകുന്നത്. നിലവില്‍ തളികുളം ഇടശ്ശേരി പടിഞ്ഞാറ് ഭാഗത്തെ വാടകക്കെടുത്ത കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. സമീപത്തെ മറ്റൊരു വാടക ഷെഡിലാണ് ലെനിന്‍ ബാബുവിന്റെ താമസം. എന്നാല്‍ രാജന്‍ എന്ന വ്യാജ പേരാണ് ഇയാള്‍ പെണ്‍കുട്ടിയോടും അമ്മയോടും പറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹം നടന്നത്. തളിക്കുളം കളാംപറമ്പിലെ ഒരു കുടുംബ ക്ഷേത്രത്തില്‍ വെച്ച് അമ്മയുടെയും രണ്ടാനച്ഛന്റെയും സാന്നിധ്യത്തില്‍ ലെനിന്‍ ബാബു പെണ്‍കുട്ടിയെ തുളസിമാലയിട്ട് സീകരിക്കുകയായിരുന്നു. തുടര്‍ന്ന് റോള്‍ഡ് ഗോള്‍ഡ് ലോക്കറ്റ് ചരടില്‍ കെട്ടി പ്രതീകാത്മക താലികെട്ടും നടത്തി. വിവാഹ ശേഷം കുട്ടിയുടെ മാതാവ് അയല്‍വാസികള്‍ക്ക് പായസ വിതരണം നടത്തി. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വാടാനപ്പള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ചെല്‍സ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറും സബ് കലക്ടറും കുട്ടിയില്‍ നിന്നു മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ വാടാനപ്പള്ളി എസ് ഐക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.