പ്രവാസി കേരളീയ ക്ഷേമ നിയമ ഭേദഗതിയുടെ കരടിന് അംഗീകാരമായി

Posted on: November 6, 2014 5:04 am | Last updated: November 5, 2014 at 11:05 pm

kc josephതിരുവനന്തപുരം: 2008 ലെ പ്രവാസി കേരളീയ ക്ഷേമ നിയമ ഭേദഗതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രവാസിക്ഷേമ മന്ത്രി കെ സി ജോസഫ് അറിയിച്ചു. കരട് ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 55 വയസ്സ് പൂര്‍ത്തിയാകുകയും എന്നാല്‍ 60 വയസ്സ് തികയുന്നതിന് മുമ്പ് അംഗത്വം എടുക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം അംശദായം അടച്ചുകഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. നിലവിലുള്ള ആക്ടില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളതും 55 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്തതുമായ ഓരോ പ്രവാസി കേരളീയനും തൊഴിലിനോ മറ്റ് വിധത്തിലോ കേരളത്തിന് വെളിയില്‍, എന്നാല്‍ ഇന്ത്യക്ക് അകത്ത് എവിടെയെങ്കിലും താമസിക്കുകയും അവിടെ തുടരുകയും ചെയ്യുകയാണെങ്കില്‍ നിധിയില്‍ അംഗമാകാം. വിദേശത്ത് 60 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ള പ്രവാസി കേരളീയര്‍ക്ക് വിദേശത്തോ സ്വദേശത്തോ നിന്ന് ചികിത്സാസഹായം സ്വരൂപിക്കാനോ സഹായനിധി രൂപീകരിക്കുന്നതിനോ ഉള്ള വ്യവസ്ഥയും നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.