Connect with us

National

ഡല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശയനുസരിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടു. നിയമസഭയിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് നവംബര്‍ 25ന് നടത്താന്‍ നിശ്ചയിച്ച ഉപതിരഞ്ഞെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടുമുണ്ട്.
മെഹ്‌റൗലി, തുഗ്ലക്കാബാദ്, കൃഷ്ണനഗര്‍ മണ്ഡലങ്ങളില്‍ നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പുകളാണ് റദ്ദാക്കിയത്. ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭ രൂപവത്കരിച്ചിരുന്നു. എന്നാല്‍ ജന്‍ ലോക്പാല്‍ ബില്ലിനോടുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനാല്‍ 49 ദിവസം ഭരണം കൈയാളിയ കെജ്‌രിവാള്‍ മന്ത്രിസഭക്ക് രാജിവെക്കേണ്ടിവന്നു. ഫെബ്രുവരി 17 മുതല്‍ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നു.
സംസ്ഥാനത്ത് ജനകീയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യത സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ നജീബ് ജുംഗ് രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കുക പ്രയാസമാണെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നിയമസഭ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. ഇതില്‍ രാഷ്ട്രപതി ഇന്നലെ ഒപ്പ്‌വെച്ചതോടെ ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് വഴിതുറന്നിരിക്കുകയാണ്.