മാണിയെ പുറത്താക്കി ജുഡീഷ്യല്‍ അന്വേഷണം നടത്തണം: സി പി ഐ

Posted on: November 5, 2014 11:12 pm | Last updated: November 5, 2014 at 11:12 pm

cpiതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ഈ ആവശ്യമുന്നയിച്ച് ഈ മാസം 12ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും മാര്‍ച്ചിന് നേതൃത്വം നല്‍കും. 418 ബാറുകള്‍ തുറക്കുന്നതിനായി ഒരു കോടി രൂപ കെ എം മാണിക്ക് നല്‍കിയതായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. മറ്റു ചില യു ഡി എഫ് നേതാക്കള്‍ക്കും പണം ലഭിച്ചിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവായ സര്‍ക്കാര്‍ ചീഫ് വിപ്പും വ്യക്തമാക്കിയിട്ടുണ്ട്.
ബാറുകള്‍ തുറക്കുന്നതിനായി 20 കോടി രൂപ പല ഭരണകക്ഷി നേതാക്കള്‍ക്കായി നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മറ്റൊരു ഭാരവാഹിയും പിന്നീട് വെളിപ്പെടുത്തി. ഈ സന്ദര്‍ഭത്തിലാണ് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നത്.
നിരവധി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഈ കേസുകൂടി വിജിലന്‍സ് അന്വേഷിക്കട്ടെ എന്നു തീരുമാനിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ പറയുന്നു.
മാത്രമല്ല, വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടുപോയി തെളിവുകളെല്ലാം തേച്ചുമായ്ച്ചു കളയാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള മുഖ്യമന്ത്രിയുടെ സ്ഥിരംശൈലി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രിസഭയില്‍ അംഗമായ ഒരാളുടെ പേരില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സ് വകുപ്പിനു കഴിയില്ല. മന്ത്രിമാരെ കുറിച്ചുള്ള അന്വേഷണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തുന്നതിലുള്ള അനൗചിത്യം സുപ്രീം കോടതിയും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
അതിനാല്‍ 20 കോടിയിലധികം രൂപയുടെ കോഴ ഇടപാടുകള്‍ നടന്നതും നിരവധി ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതുമായ ഈ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നും സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു.