ജുമൈറ കോര്‍ണീഷിലെ കിയോസ്‌കുകള്‍ ലേലത്തിന്

Posted on: November 5, 2014 5:32 pm | Last updated: November 5, 2014 at 5:32 pm

ദുബൈ: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത ജുമൈറ കോര്‍ണീഷിലെ കിയോസ്‌കുകള്‍ ആര്‍ ടി എ പരസ്യലേലത്തിന് വെക്കുന്നു. ജുമൈറ കോര്‍ണീഷ് റോഡിലെ 10 കിയോസ്‌കുകളാണ് ലേലത്തിന് വെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
89 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള എട്ട് എണ്ണവും 20 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 2 കിയോസ്‌കുകളും ഉള്‍പ്പെടെ 10 എണ്ണമാണ് കച്ചവട താത്പര്യമുള്ളവര്‍ക്കായി ആര്‍ ടി എ ലേലത്തിലൂടെ നല്‍കാന്‍ തയ്യാറായിരിക്കുന്നത്. 89 ചതുരശ്ര മീറ്ററുള്ള കിയോസ്‌കിന് 80,000 ദിര്‍ഹമാണ് വാര്‍ഷിക വാടകയായി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്. 20 ചതുരശ്ര മീറ്ററുള്ളതിന് 30,000 ദിര്‍ഹവും.
ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 300 ദിര്‍ഹം അടച്ച് ആവശ്യമായ രേഖകള്‍ കൈപ്പറ്റണം. ഉമ്മുറമൂലിലെ മറാകിഷ് സ്ട്രീറ്റിലെ ആര്‍ ടി എയുടെ ആസ്ഥാന കെട്ടിടത്തിന്റെ സി സെക്ഷന്‍ ഒന്നാം നിലയിലെ പ്രത്യേക കൗണ്ടറില്‍ നിന്നാണ് ലേലവുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റേണ്ടത്. ഈ മാസം 25നാണ് അപേക്ഷകള്‍ അന്തിമ തീരുമാനത്തിനായി പരിശോധിക്കുക.
സീല്‍ ചെയ്ത പ്രത്യേക കവറില്‍ ടെണ്ടര്‍ നമ്പര്‍ വ്യക്തമായി എഴുതിയിരിക്കണം. ആസ്ഥാന മന്ദിരത്തിലെ പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കണം. ഓരോ കിയോസ്‌കിനും നിശ്ചയിക്കപ്പെട്ട വാടക സംഖ്യക്ക് തതുല്യമായ തുകയുടെ നിരുപാധിക ബേങ്ക് ഗ്യാരണ്ടിയും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം 25 വരെയാണ് അപേക്ഷ സ്വീകരിക്കുക. സ്വദേശി വ്യക്തികള്‍ക്കും അവര്‍ പങ്കുകാരായ സ്ഥാപനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്നും ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.