ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിന് കണക്കെടുപ്പുമായി വനം വകുപ്പ്

Posted on: November 5, 2014 11:04 am | Last updated: November 5, 2014 at 11:04 am

കോയമ്പത്തൂര്‍: നഗരത്തിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിനു കണക്കെടുപ്പുമായി വനംവകുപ്പ് രംഗത്ത്. അടുത്ത കാലത്തായി നഗരത്തില്‍ ചന്ദനമരങ്ങളുടെ മോഷണം വര്‍ധിച്ചതാണ് ഇത്തരമൊരു നടപടിക്കു വനംവകുപ്പിനെ പ്രേരിപ്പിച്ചത്.
നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലത്തു നില്‍ക്കുന്ന മരങ്ങളുടെ കണക്കായിരിക്കും വനംവകുപ്പ് ശേഖരിക്കുക. എല്ലാ ചന്ദനമരത്തിനും അവകാശി സര്‍ക്കാര്‍ ആണെന്നതിനാലാണിത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരം പോലീസിനു കൈമാറും.
വലിയ മരങ്ങള്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ തയാറാണെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഔദ്യോഗിക വസതിക്കു മുന്നിലെ ചന്ദനം മോഷ്ടാക്കള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. മുറിച്ചിട്ട മരം അന്നു കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിനു മുമ്പ് വിഒസി പാര്‍ക്കിലും മറ്റുംനിന്ന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചുമാറ്റിയിരുന്നു. ഇപ്പോള്‍ പാര്‍ക്കിലെ മരങ്ങള്‍ക്കു ചുറ്റും ഇരുമ്പു പൈപ്പുകള്‍കൊണ്ട് വേലി തീര്‍ത്തിട്ടുണ്ട്. ഇതുകൊണ്ടും മോഷ്ടാക്കളെ തടയാന്‍ കഴിഞ്ഞേക്കില്ല എന്ന ധാരണ വനംവകുപ്പിനുണ്ട്.