മൈലാടിപ്പാറക്കുന്ന് ആദിവാസികള്‍ ഇന്നും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്ത്

Posted on: November 5, 2014 11:04 am | Last updated: November 5, 2014 at 11:04 am

കൊപ്പം: ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും തൊഴിലുമില്ല, മൈലാടിപ്പാറക്കുന്നിലെ ആദിവാസികുടുംബങ്ങള്‍ ഇന്നും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്ത്. കൊപ്പം, മുതുതല പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ മൈലാടിപ്പാറക്കുന്നിലാണ് രണ്ട് ആദിവാസികുടുംബങ്ങള്‍ പട്ടിണിയോട് മല്ലിട്ട് ദുരിതജീവിതം നയിക്കുന്നത്.
മലയസമുദായത്തില്‍ പെട്ട ഏഴ്കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 12 പേരടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസക്കാരാണ്. സുരക്ഷിതമായി അന്തിയുറങ്ങാന്‍ കുന്നിന്‍മുകളില്‍ ഇവര്‍ക്ക് സ്വന്തമായി സ്ഥലമില്ല. മലമുകളിലെ കാട്ടില്‍ തെങ്ങിന്‍പട്ടയും തുണിയും ചാക്കുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചുകുടിലില്‍ ഇഴജന്തുക്കളോട് പൊരുതിയാണ് ഇവരുടെ അന്തിയുറക്കം. കുടിവെള്ളം ലഭിക്കാന്‍ കിലോമീറ്റര്‍ ദൂരം താണ്ടി മലയിറങ്ങണം.
രോഗികളും വൃദ്ധരുമായ സ്ത്രീകള്‍ കൈക്കുടങ്ങളുമായി മല കയറുന്നത് ദയനീയ കാഴ്ചയാണ്. ഇവരുടെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ ആശുപത്രിയില്‍ പോകാനും നിര്‍വാഹമില്ല. നാട്ടുവൈദ്യവും പച്ചമരുന്നുമായി സ്വയം ചികിത്സ മാത്രമാണ് പരിഹാരം. കാട്ടില്‍ പോയി തേന്‍ശേഖരിച്ചും വല്ലപ്പോഴും കിട്ടുന്ന പുറംപണിയുമായി ജീവിതം തള്ളിനീക്കുമെങ്കിലും നാട്ടുകാര്‍ വല്ലതും കൊടുത്താല്‍ അടുപ്പ് പുകയും.
ഇല്ലെങ്കില്‍ പട്ടിണി തന്നെ. പഠനമോ വിദ്യാഭ്യാസമോ ഇല്ലാതെ ഏഴ്കുട്ടികളുണ്ടിവിടെ. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റയോ രേഖകളില്‍ വരാത്തതിനാല്‍ ഇവര്‍ക്ക് റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല.
പട്ടാമ്പി താലൂക്ക് വികസന ചര്‍ച്ചകളില്‍ മൈലാടിപ്പാറക്കുന്നിലെ ആദിവാസികുടംബങ്ങളുടെ ദുരിജീവിതം ചര്‍ച്ചയാകാറുണ്ടെങ്കിലും ഇവര്‍ക്കിന്നും മലമുകളില്‍ പട്ടിണിയുടെ ദുരിതജീവിതം തന്നെ. മൈലാടിപ്പാറക്കുന്നിലെ ആദിവാസികുടംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല.