Connect with us

Malappuram

യാത്രക്കാര്‍ വലഞ്ഞു; സമരം തുടരുമെന്ന് തൊഴിലാളികള്‍

Published

|

Last Updated

വണ്ടൂര്‍: സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വഴിക്കടവ്-പെരിന്തല്‍മണ്ണ റൂട്ടില്‍ യാത്ര മുടങ്ങി.
ഇന്നലെ രാവിലെയാണ് ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ സമരം നടത്തിയത്. ബസ് കാത്തു നിന്ന് നൂറുകണക്കിനാളുകളാണ് ഇതോടെ ദുരിതത്തിലായത്. സി ഐ ടി യു ബസ് തൊഴിലാളി യൂനിയന്‍ നിലമ്പൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത തൊഴിലാളി സംഘടനകളാണ് സമരം നടത്തിയത്. വണ്ടൂര്‍ അങ്ങാടിയില്‍ ഇന്നലെ മുതല്‍ ആരംഭിക്കാനിരുന്ന ട്രാഫിക് പരിഷ്‌കരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
നിലമ്പൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഇതെ റോഡിലുള്ള അങ്ങാടിപൊയില്‍ സ്റ്റാന്‍ഡില്‍ കയറിയ ശേഷം കാളികാവ് റോഡിലെ കൂരിക്കുണ്ട് ബൈപ്പാസ് വഴി പാണ്ടിക്കാട് റോഡിലേക്ക് വരണമെന്നാണ് പുതിയ ട്രാഫിക് പരിഷ്‌കാര സമിതി തീരുമാനിച്ചിട്ടുള്ളത്.
ഇതംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അപ്രഖ്യാപിത പണിമുടക്കിനെ തുടര്‍ന്ന് വിവരം അറിയാത്ത ജനങ്ങള്‍ യാത്രാദുരിതത്തിലായി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഏറെ ദുരിതത്തിലായത്. ബസ് കിട്ടാത്തതിനാല്‍ പലര്‍ക്കും ക്ലാസുകള്‍ ഒഴിവാക്കേണ്ടിവന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
കൂടാതെ നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടിലെ തീവണ്ടികളിലും ജനത്തിരക്കേറി. ട്രാഫിക് പരിഷ്‌കരണ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഇന്ന് ഉച്ചതിരിഞ്ഞും സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഏറെ സമയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമാകുന്നുണ്ടുമെന്നുമാണ് തൊഴിലാളികളുടെ വാദം.
ട്രാഫിക് പരിഷ്‌ക്കാരത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ഇന്നലെ ടൗണില്‍ പ്രകടനം നടത്തി. ഫിറോസ് ബാബു, മണി ചാലിയാര്‍, അശ്‌റഫ് മലയില്‍, സുരേഷ് കളത്തുംപടിക്കല്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest