ബാര്‍കോഴ; ഗൂഡാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി

Posted on: November 5, 2014 8:04 pm | Last updated: November 5, 2014 at 10:20 pm

തിരുവനന്തപുരം:ബാര്‍കോഴ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന കേരള കോണ്‍ഗ്രസ് (എം) നിയോഗിക്കുന്ന പ്രത്യേകസമിതിഅന്വേഷിക്കും. സമിതിഅംഗങ്ങളെ പിന്നീട് നിശ്ചയിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. ഇന്നു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആരോപണമുന്നയിച്ച ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം വിഷയത്തിലെ അന്വേഷണം സംബന്ധിച്ച് സി.പി.ഐ.എമ്മില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. കോഴവിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന വാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അതിനു വിരുദ്ധമായി കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വേണ്ടതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയിരുന്നു.