മുല്ലപ്പെരിയാര്‍: വീണ്ടും തിരിച്ചടി

Posted on: November 5, 2014 6:00 am | Last updated: November 5, 2014 at 12:59 am

SIRAJ.......മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം ഉന്നതാധികാര സമിതി നിരസിച്ചത് കേരളത്തെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജലം 140 അടി വരെ ഉയര്‍ത്തുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും 120 വര്‍ഷം പഴക്കമുള്ളതും ഭൂകമ്പ സാധ്യതാ മേഖലയില്‍ സ്ഥിതി ചെയ്യുന്നതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് അത്ര സുരക്ഷിതമല്ലെന്ന് പല വിദഗ്ധസമിതികളും ചൂണ്ടിക്കാട്ടിയതാണ്. 2007 മാര്‍ച്ചില്‍ കൊല്‍ക്കത്ത സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സിലെ സീനിയര്‍ ഫെലോ ഡോ. ധ്രുവ ജ്യോതി ഘോഷിന്റെ നേതൃത്വത്തിലുളള സംഘം അണക്കെട്ടില്‍ വിള്ളലുകളും ചോര്‍ച്ചയും കണ്ടെത്തിയിരുന്നു. അണക്കെട്ട് വിശദമായി പരിശോധിച്ച ഡല്‍ഹി ഐ ഐ ടിയിലെ വിദഗ്ധ സംഘവും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നിട്ടും കോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂലമായ വിധിയുണ്ടായത് അവരുടെ ആസൂത്രിതമായ നീക്കവും കേസ് കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിന് സംഭവിച്ച അപാകവുമാണ് വ്യക്തമാക്കുന്നത്. അണക്കെട്ടിലെ ഉയര്‍ന്ന ജലനിരപ്പ് കേരളത്തിലെ നാല് ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഉയര്‍ത്തുന്ന ഭീഷണി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാറിന്റെ നിലനില്‍പ്പ് ഡി എം കെയെ ആശ്രയിച്ചായിരുന്നതിനാല്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റ രഹസ്യ പിന്തുണയുമുണ്ടായിരുന്നു.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ വനമേഖലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറുകയും പെരിയാര്‍ കടുവാസങ്കേതം ഉള്‍പ്പെടെ മേഖലയിലെ സസ്യജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്യും. തേക്കടിയുടെ മുഖ്യ ആകര്‍ഷണമായ ബോട്ട് യാത്രയും പ്രതിസന്ധിയിലാകുന്നതിനാല്‍ ടൂറിസം സാധ്യതകള്‍ക്കും ഇത് തിരിച്ചടിയാകും. തേക്കടി വനത്തിലെ ചില ആദിവാസിപ്രദേശളിലും വെള്ളം കയറും.
ഡാമിന്റെ 13 ഷട്ടറുകളും പ്രവര്‍ത്തന ക്ഷമമായിരുന്ന സമയത്താണ് ജലം 142 അടിയാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ ഇപ്പോള്‍ തകരാറിലാണ്. മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍ ജലം തുറന്നു വിട്ട് അടിയന്തിര സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കണമെന്നില്ല. അണക്കെട്ടിന്റെ കാലപ്പഴക്കം കണക്കിലെടുത്ത്, ജലനിരപ്പ് 136 അടിയാകുമ്പോള്‍ ഷട്ടറുകളെല്ലാം പ്രവര്‍ത്തനസജ്ജമായിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷനും നിര്‍ദേശിച്ചതാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയുമാണ.് ഇക്കാര്യങ്ങളെല്ലാം കേരളം ഉന്നതാധികാര സമിതിയെ ധരിപ്പിച്ചെങ്കിലും വെള്ളം 142 അടി ആകുമ്പോള്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന നിരുത്തരവാദപരമായ പ്രതികരണമായിരുന്നു സമിതി ചെയര്‍മാന്‍ എല്‍ എ ബി നാഥനില്‍ നിന്നുണ്ടായത്.
2011ല്‍ അണക്കെട്ട് 136 അടി കവിഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൂടുതല്‍ ഭീഷണി നേരിടുന്ന വണ്ടിപ്പെരിയാര്‍ വളളക്കടവ് ഗ്രാമത്തില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും അണക്കെട്ട് പൊട്ടിയാല്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷ തേടാനായി പ്രളയജലം എത്തുന്ന നിരപ്പ് പ്രദേശത്തെ മരങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ജലനിരപ്പ് അന്നത്തേക്കാള്‍ ഉയര്‍ന്നിട്ടും കാലവര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ സ്വീകരിച്ച നടപടികളല്ലാതെ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായ ഉടനെ കഴിഞ്ഞ ജുലൈയില്‍ തുടങ്ങിയതാണ് ജലനിരപ്പ് 142 അടിയാക്കാനുള്ള തമിഴ്‌നാടിന്റെ നടപടി. മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിച്ച് സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തിയ ശേഷമേ ജലനിരപ്പ് ഉയര്‍ത്താവൂ എന്ന കോടതി നിര്‍ദേശം അവഗണിച്ചു സമിതിയുടെ സന്ദര്‍ശനത്തിന് മുമ്പേതന്നെ തമിഴ്‌നാട് 13 ഷട്ടറുകളും താഴ്ത്തിയിരുന്നു. അന്നും സംസ്ഥാനത്തിനുള്ള ആശങ്ക കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചതാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരു ഉപസമിതിയെ നിയമിക്കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് കേരളം വെറുതെയിരുന്നു. ഇപ്പോള്‍ സ്ഥിതി ആശങ്കാജനകമായ അവസ്ഥയിലെത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നത്. കേരളത്തിലെ ചില മുന്‍നിര മാധ്യമങ്ങളെ വിലക്കെടുത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തമിഴ്‌നാട് മര്‍മം നോക്കി കളിച്ചപ്പോള്‍ അത് കണ്ടറിഞ്ഞു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് കേരളത്തിന് ഇക്കാര്യത്തില്‍ അടിക്കടി അനുഭവപ്പെടുന്ന പരാജയത്തിന് കാരണം. ഇനിയെങ്കിലും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കില്‍ സംസ്ഥാനം കനത്ത വില നല്‍കേണ്ടി വരും.