ജി 20 മത സൗഹാര്‍ദ ഉച്ചകോടി; മഅ്ദിന്‍ അക്കാദമി ചര്‍ച്ചാസംഗമം നടത്തി

Posted on: November 5, 2014 12:52 am | Last updated: November 5, 2014 at 12:52 am

മലപ്പുറം: നവംബര്‍ 16 മുതല്‍ 18 വരെ ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ജി 20 മത സൗഹാര്‍ദ ഉച്ചകോടിയുടെ മുന്നോടിയായി മഅ്ദിന്‍ അക്കാദമിയില്‍ ചര്‍ച്ചാ സംഗമം നടത്തി. ‘മത സൗഹാര്‍ദവും സാമ്പത്തിക വളര്‍ച്ചയും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച, ഉച്ചകോടിയുടെ പ്രാധാന സംഘാടകരായ ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റി ഇന്റര്‍ഫൈത്ത് കള്‍ച്ചറല്‍ ഡയലോഗ് ഡയറക്ടര്‍ ഡോ. ബ്രയന്‍ ആഡംസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന ജീവിത നിലവാരവും ഉള്ളതിനോടൊപ്പം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും നിലനിര്‍ത്തുകയെന്നത് ആധുനിക ഭരണകൂടങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത-സാമൂഹിക വ്യത്യസ്തതകള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മനസ്സിലാക്കി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാക്കുകയാണ് ഈ രംഗത്തെ പ്രശ്‌നങ്ങള്‍ ഇല്ലാതെയാക്കാനുള്ള വഴി. ഇതാണ് ജി 20 ഉച്ചകോടിക്കൊപ്പം മത സൗഹാര്‍ദ ഉച്ചകോടി കൂടി നടത്താനുള്ള പ്രേരണയെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയില്‍ ഇന്ത്യയില്‍ നിന്നുള്ള അക്കാദമിക് പ്രതിനിധിയായി മഅ്ദിന്‍ അക്കാദമിയെ തിരഞ്ഞെടുത്തത് കഴിഞ്ഞ നാലുവര്‍ഷമായി, ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ഫൈത്ത് ഹാര്‍മണി പദ്ധതിയുടെ സ്ഥിരം സഹകാരിയെന്ന നിലക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരുന്നു. ഫാ. സെബാസ്റ്റിയന്‍ കാരക്കാട്ട്, തന്ത്രി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോ. കെ കെ എന്‍ കുറുപ്പ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ബാസ് പനക്കല്‍, ഇ സലാഹുദ്ദീന്‍, മുസ്തഫ കൂടല്ലൂര്‍, ഇ സുരേഷ്, പി പ്രദീപ്, ഹാമിദ് ഹുസൈന്‍, സൈനുദ്ദീന്‍ കുന്ദമംഗലം, ലത്വീഫ് പൂവ്വത്തിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.