Connect with us

Idukki

മുല്ലപ്പെരിയാര്‍: 142 അടിയെത്താന്‍ വേണ്ടത് നാലടി കൂടി വെള്ളം

Published

|

Last Updated

തൊടുപുഴ: നാലടിയില്‍ താഴെ ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാടിന്റെ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് യാഥാര്‍ഥ്യമാകും. ഒപ്പം കേരളത്തിന്റെ നെഞ്ചിടിപ്പിന് വേഗത കൂടുകയും ചെയ്യും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇന്നലെ വൈകീട്ട് 138.1 അടിയിലെത്തി. തമിഴ്‌നാട് നിയമയുദ്ധത്തിലൂടെ നേടിയെടുത്ത 142 അടി എന്ന അത്ഭുത സംഖ്യയിലെത്താന്‍ അധിക സമയം വേണ്ട.
അണക്കെട്ടിന് ബലക്ഷയമെന്ന് കണ്ടെത്തിയതോടെ 1979ല്‍ ആണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ 136 അടിയായി നിജപ്പെടുത്തിയത്. ഇതിന് ശേഷം പലതവണ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിലേക്ക് ഉയര്‍ന്ന് ഇടുക്കിയിലേക്ക് ദിവസങ്ങളോളം നീരൊഴുക്ക് ഉണ്ടായിട്ടുണ്ട്.
എന്നാല്‍, 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇത് ആദ്യമായാണ് ഇടുക്കിയിലേക്ക് വെള്ളം ഒഴുകാതെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്കു മുകളിലേക്ക് ഉയരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തിയതിനാലാണ് ജലനിരപ്പ് ഉയരുന്നത്. സെക്കന്‍ഡില്‍ 3587 ഘന അടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
ഇന്നലെ രാവിലെ വരെ 750 ഘന അടി വെള്ളമായിരുന്നു തമിഴ്‌നാട് എടുത്തിരുന്നത്. ഉച്ചക്കു ശേഷം സെക്കന്‍ഡില്‍ 1816 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് തുറന്നു വിടാന്‍ ആരംഭിച്ചു. ജലനിരപ്പ് 142 അടിക്കു മുകളിലെത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൂടുതല്‍ വെള്ളം തമിഴ്‌നാട് എടുത്തു തുടങ്ങിയത്.