എസ് ഐ നിയമനം: റാങ്ക് പട്ടിക റദ്ദാക്കിയ നടപടി മരവിപ്പിച്ചു

Posted on: November 5, 2014 2:49 am | Last updated: November 5, 2014 at 12:50 am

ന്യൂഡല്‍ഹി: സംസ്ഥാനത്തെ എസ് ഐ നിയമനത്തിനുള്ള പി എസ് സി റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട് ജോലിയില്‍ പ്രവേശിച്ച നാല്‍പ്പത് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പി എസ് സി റാങ്ക് പട്ടികയില്‍ അപാകങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പട്ടിക ഹൈക്കോടതി റദ്ദാക്കിയത്.
ഉത്തരവ് വരുന്നതിനിടക്ക് ജോലിയില്‍ പ്രവേശിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയായി. ഇതേത്തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനകം ജോലിയില്‍ പ്രവേശിച്ചവരെ പിരിച്ചുവിടരുതെന്നും പകരം നിയമനം നടത്തരുതെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.