ഇസ്‌റാഈലിന്റെ അനധികൃത പാര്‍പ്പിടനിര്‍മാണം ദൗര്‍ഭാഗ്യകരം: യു എസ്‌

Posted on: November 5, 2014 12:38 am | Last updated: November 5, 2014 at 12:38 am

വാഷിംഗ്ടണ്‍: കിഴക്കന്‍ ജറൂസലമില്‍ പുതുതായി 500 കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് അമേരിക്ക. റാമത് ഷ്‌ളോമോയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനത്തിന് ഇസ്‌റാഈല്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്താണ് പുതിയ പാര്‍പ്പിട നിര്‍മാണത്തിന് ഇസ്‌റാഈല്‍ ഉദ്ദേശിക്കുന്നത്. നിരവധി കടമ്പകള്‍ കടന്നുവേണം പാര്‍പ്പിട നിര്‍മാണം ആരംഭിക്കാന്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജറൂസലമിലെ പ്ലാനിംഗ് ആന്‍ഡ് ബില്‍ഡിംഗ് കമ്മിറ്റി നിര്‍മാണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നടപടിയെ വിമര്‍ശിച്ച അമേരിക്ക, ഇസ്‌റാഈലിന്റെ പാര്‍പ്പിട നിര്‍മാണം നീതീകരിക്കാനാകാത്തതാണെന്നും വ്യക്തമാക്കി. തങ്ങളുടെ നിലപാട് വ്യക്തമാക്കി നിരവധി തവണ ഇസ്‌റാഈലിനെ സമീപിച്ചതായും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വക്താവ് വ്യക്തമാക്കി.
പാര്‍പ്പിട നിര്‍മാണത്തിനെതിരെ ഫലസ്തീന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ഇസ്‌റാഈല്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീന്‍ നേതൃത്വം ആവശ്യപ്പെടുന്നു.