13 വര്‍ഷത്തിന് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും വ്യാപാരത്തിന് തുറന്നുകൊടുത്തു

Posted on: November 5, 2014 5:35 am | Last updated: November 5, 2014 at 12:35 am

ന്യൂയോര്‍ക്ക് : അല്‍ഖ്വയ്ദ തീവ്രവാദികളുടെ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍നിര്‍മാണത്തിന് ശേഷം വീണ്ടും കച്ചവട ആവശ്യങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2001 സെപ്തംബര്‍ 11 ലെ ആക്രമണത്തെത്തുടര്‍ന്ന് നിലംപരിശായ വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അമേരിക്കക്കാര്‍ക്ക്, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് അത് വൈകാരികമായ നാഴികക്കല്ലാണ്. അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇപ്പോള്‍ പണി കഴിപ്പിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍. സെപ്തംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 2,700 പേരാണ് കൊല്ലപ്പെട്ടത്. 104 നിലകളുള്ള അംബരചുംബിയായ പുതിയ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് പ്രസിദ്ധീകരണ രംഗത്തെ കുത്തക ഭീമനായ കോണ്ട് നാസ്റ്റ് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനം മാറ്റി. 16 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് രണ്ട് കെട്ടിടങ്ങളാണ് പണിപൂര്‍ത്തിയായത്. അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ ഓഫീസ് കെട്ടിടം എന്നാണ് ഇതിനെ ന്യൂയോര്‍ക്കിലേയും ന്യൂജെഴ്‌സിയിലേയും പോര്‍ട്ട് അതോറിറ്റി ഡയറക്ടറായ പാട്രിക് ഫോയി ഇതിനെ വിശേഷിപ്പിച്ചത്. നിലവില്‍ അഞ്ച് നിലകളിലായി 170 കമ്പനികളുടെ 3,400 ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. 2015 ആദ്യത്തോടെ 3,000 പേര്‍കൂടി എത്തിച്ചേരുമെന്ന് കോണ്ട് നാസ്റ്റിന്റെ വൈസ് പ്രസിഡന്റും വക്താവുമായ പാട്രിക് റോകെന്‍വേഗ്നര്‍ പറഞ്ഞു. കെട്ടിടത്തിന്റെ 60 ശതമാനവും വാടകക്ക് നല്‍കുകയും 80,000 സ്‌ക്വയര്‍ ഫീറ്റ് ഹോസ്പിറ്റാലിറ്റി, സര്‍വീസ് കോര്‍പറേഷന്‍, കുട്ടികളുടെ നൈപുണ്യം വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുകയും ചെയ്യും. തീവ്രവാദ ആക്രമണത്തെ ചെറുക്കും വിധം സ്റ്റീലും ബലിഷ്ഠമായ കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഓവിങ്‌സ് ആന്‍ഡ് മെറില്‍ കമ്പനി വ്യക്തമാക്കി.