Connect with us

Ongoing News

രാമസേതുവിന് കേടുപാടുകള്‍ സംഭവിക്കാതെ കപ്പല്‍പ്പാത: നിതിന്‍ ഗഡ്കരി

Published

|

Last Updated

രാമേശ്വരം: രാമസേതുവിന് കേടുപാടുകള്‍ സംഭവിക്കാതെ സേതുസമുദ്രം കപ്പല്‍പ്പാത പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ സേനയുടെ എയര്‍ ക്രാഫ്റ്റില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്നാര്‍ ഉള്‍ക്കടലിനും പാക്ക് ഉള്‍ക്കടലിനും പാക്ക് കടലിടുക്കിനും ഇടയില്‍ ആഴം കൂട്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടലിലേക്കു കപ്പല്‍പ്പാത നിര്‍മിക്കുന്നതാണ് സേതുസമുദ്രം കപ്പല്‍പ്പാത പദ്ധതി. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് ശ്രീലങ്ക ചുറ്റാതെ കപ്പലുകള്‍ക്ക് കടക്കാനാകും. 2000 കോടിയിലേറെ രൂപ മുടക്കിയ പദ്ധതി ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. രാമസേതു പാലം പൊളിച്ചുകൊണ്ട് കപ്പല്‍പ്പാത നിര്‍മിക്കുന്നതിനെതിരെ വിവിധ ഹിന്ദു സംഘടനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന് കാണിച്ച് തമിഴ്‌നാട് സര്‍ക്കാറും പദ്ധതിയെ എതിര്‍ത്തു. സീതയെ വീണ്ടെടുക്കുന്നതിനായി രാമസൈന്യം ലങ്കയിലേക്കു പോകാന്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന രാമസേതു തകര്‍ക്കാതെ സേതുസമുദ്രം പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി അഞ്ച് കാര്യങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പച്ചൗരി കമ്മിറ്റി റിപ്പോര്‍ട്ടിലെ പഴുതുകള്‍ തേടിയായിരുന്നു നിതിന്‍ ഗഡ്കരിയുടെയും സംഘത്തിന്റെയും യാത്ര. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലൂടെയുള്ള നിര്‍ദിഷ്ട പാതയുടെ വാനനിരീക്ഷണം അവസാനിച്ചത് ശുഭപ്രതീക്ഷയിലാണെന്ന് ഗഡ്കരി പറഞ്ഞു.

Latest