നിരക്ക് കുറഞ്ഞ സിം കാര്‍ഡുമായി ഇത്തിസലാത്ത്

Posted on: November 4, 2014 6:18 pm | Last updated: November 4, 2014 at 6:18 pm

ethisalathദുബൈ: രാജ്യാന്തര കോളുകള്‍ക്കായി നിരക്ക് കുറഞ്ഞ സിം കാര്‍ഡുമായി ഇത്തിസലാത്ത് രംഗത്ത്. ‘ഫൈവ്’ പ്രീ പെയ്ഡ് മൊബൈല്‍ കണക്ഷന്‍ എന്ന പേരിലാണ് ഇത്തിസലാത്ത് കുറഞ്ഞ ശമ്പളക്കാരായ ഏഷ്യക്കാരെ ഉന്നംവെച്ച് അനൗദ്യോഗികമായി കാര്‍ഡ് രംഗത്തിറക്കിയിരിക്കുന്നത്. മറ്റൊരു കമ്പനിയാണ് കാര്‍ഡിന്റെ വിതരണക്കാരെന്നും ആവശ്യമായ സാങ്കേതിക സഹായം ഉള്‍പ്പെടെയുള്ളവയാണ് ഇത്തിസലാത്ത് നല്‍കുന്നതെന്നും കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. എല്ലാ സമയത്തും കുറഞ്ഞ നിരക്കില്‍ നാടുകളിലുള്ള ഉറ്റവരുമായി ഏഷ്യന്‍ വംശജര്‍ക്ക് ബന്ധപ്പെടാന്‍ ലക്ഷ്യമിട്ടാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഒരേ നിരക്കായതിനാല്‍ പ്രൊമോഷനുകള്‍ക്കും ഓഫറുകള്‍ക്കും പിറകെ പോകേണ്ട ആവശ്യമില്ല. ഇത്തിസലാത്ത് ഔട്ട്‌ലെറ്റുകളിലും ബിസിനസ് സെന്ററുകളിലും ഈ സിം കാര്‍ഡുകള്‍ ലഭ്യമാവില്ല. ലേബര്‍ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രോസറികള്‍, മൊബൈല്‍ ഷോപ്പുകള്‍ വഴിയാണ് ഇവയുടെ വിതരണം.
പുതുതായി സിം കാര്‍ഡ് ഇറക്കിയതിനെക്കുറിച്ച് ഇത്തിസലാത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു ദിര്‍ഹം ക്രെഡിറ്റുള്ള പുതിയ സിം കാര്‍ഡിന് 10 ദിര്‍ഹമാണ് ഈടാക്കുന്നത്. ഫൈവ് സിം കാര്‍ഡെന്ന പേരില്‍ അറിയപ്പെടുന്ന ഈ കാര്‍ഡില്‍ സെക്കന്റിന് 0.005 എന്ന തോതിലാണ് നിരക്ക് ഈടാക്കുന്നത്. അതേ സമയം നിലവിലെ ഇത്തിസലാത്ത് സിം കാര്‍ഡുകളില്‍ നിന്നു വിളിക്കുന്നവര്‍ക്ക് സെക്കന്റിന് നാലു ഫില്‍സാണ് ഈടാക്കുന്നത്.
ഡാറ്റാ ചാര്‍ജായി 0.20 ദിര്‍ഹം ഓരോ എം ബിക്കും ഈടാക്കുമ്പോള്‍ ഇത്തിസലാത്ത് സിമ്മില്‍ ഇത് ഓരോ കെ ബിക്കും രണ്ടു ഫില്‍സ് വീതമാണ്. ഫൈവ് സണ്‍റൈസ് സിം കാര്‍ഡുകള്‍ക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല. ഓരോ തവണ റീചാര്‍ജ് ചെയ്യുമ്പോഴും ചാര്‍ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം ബോണസായി അധികം ലഭിക്കുമെന്ന ആകര്‍ഷണവും ഇതിനുണ്ട്. ഇത്തിസലാത്ത് റീചാര്‍ജ് വോച്ചര്‍ വഴിയോ ഫൈവ് വോയ്പ് കോളിംഗ് കാര്‍ഡ് വഴിയോ ഉപഭോക്താക്കള്‍ക്ക് ഈ സിം റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇവക്ക് റോമിംഗ് സൗകര്യം ലഭിക്കില്ല. അജീവാനന്ത കാലാവധിയാണ് സിംമിനെങ്കിലും മൂന്നു മാസം തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നാല്‍ കാര്‍ഡിലേക്കുള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.