സൗരോര്‍ജ വേലി പ്രവര്‍ത്തനക്ഷമമല്ല; കാട്ടാനകള്‍ നാട്ടിന്‍ പുറത്ത്

Posted on: November 4, 2014 12:50 pm | Last updated: November 4, 2014 at 12:50 pm

angry elephantമണ്ണാര്‍ക്കാട്: എടത്തനാട്ടുകര ഉപ്പുകുളം മലയോരമേഖലയിലെ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജവേലി പലേടത്തും പ്രവര്‍ത്തനക്ഷമമല്ലെന്ന് കര്‍ഷകരുടെ ആരോപണം.
ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങള്‍ക്കും കൃഷിനാശങ്ങള്‍ക്കും പ്രധാന കാരണം ഇതാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ വേലികളില്‍ മുള്ളും പടര്‍പ്പും കയറി ഊര്‍ജനഷ്ടത്തോടൊപ്പം വേലികള്‍ നശിക്കാനും കാരണമാകുന്നുണ്ട്.രണ്ടുവര്‍ഷംമുമ്പാണ് വനാതിര്‍ത്തിയില്‍ പൂര്‍ണമായും വനം വകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചത്.
കൂടാതെ സ്വകാര്യ വ്യക്തികളും തങ്ങളുടെ തോട്ടങ്ങള്‍ക്ക് സൗരോര്‍ജവേലി സംരക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍, കൂട്ടമായെത്തുന്ന കാട്ടാനകള്‍ വലിയതടികള്‍ ഉപയോഗിച്ചും മറ്റും വേലികള്‍ തകര്‍ത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് പതിവാണ്. ഇതിനിടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സൗരോര്‍ജവേലി സംരക്ഷിക്കപ്പെടാത്തതിനാല്‍ നശിക്കുന്നതും.വേലികള്‍ സ്ഥാപിച്ചതല്ലാതെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് മൂന്നുവര്‍ഷം മുമ്പ് ഒരാള്‍ മരിക്കുകയും വ്യാപക കൃഷിനാശം സം’വിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വൈദ്യുതവേലി സ്ഥാപിച്ചത്.
എടത്തനാട്ടുകര എന്‍ എസ് എസ് എസ്റ്റേറ്റ് പ്രദേശത്തെ വേലികളാണ് കൂടുതലായും പ്രവര്‍ത്തനക്ഷമമല്ലാത്തത്. അതുകൊണ്ടുതന്നെ ഇതിന് താഴ്ഭാഗത്തായി പുതുതായി വനം വകുപ്പ് വേലിനിര്‍മിക്കണം.
അടുത്തകാലത്ത് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് എന്‍ എസ് എസ് എസ്റ്റേറ്റ് വഴിയാണ്.കൂടാതെ കുണ്ടോട എസ്റ്റേറ്റ് മുതല്‍ മുണ്ടക്കുളംവരെ സ്ഥാപിച്ച സൗരോര്‍ജവേലികള്‍ക്കാവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്നും പ്രദേശത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടു.