സ്വാമിദുരെ ഡാം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

Posted on: November 4, 2014 12:45 pm | Last updated: November 4, 2014 at 12:45 pm

ആലത്തൂര്‍: വീഴുമല സ്വാമിദുരെ ഡാം കുടിവെള്ള പദ്ധതി പി കെ ബിജു എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 19 പട്ടികജാതി കോളനികളിലെ 510 കുടുംബങ്ങളിലെ 5600 പേര്‍ക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാകും.
ഒന്നാംഘട്ടത്തില്‍ 16 കോളനികള്‍ക്കും രണ്ടാംഘട്ടത്തില്‍ മൂന്ന് കോളനികള്‍ക്കും പ്രയോജനം ലഭിക്കും. എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 1.—26 കോടി രൂപ ചെലവഴിച്ചാണ് തടയണയില്‍ കിണറും പമ്പിങ് ഹൗസും ജലവിതരണ വകുപ്പ് സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് 68 ലക്ഷം രൂപ ചിലവില്‍ തടയണയില്‍ നിന്ന് മണ്ണെടുത്ത് ആഴംകൂട്ടി പുനര്‍നിര്‍മിച്ചതോടെയാണ് പദ്ധതിക്കാവശ്യമായ വെള്ളം സം’രിക്കാനായത്.
പെരുങ്കുളത്തെ സ്വാമിദുരെ അയ്യര്‍ തന്റെ സ്വകാര്യ കൃഷിയിടത്തിന്റെ ആവശ്യത്തിനായി നിര്‍മിച്ച തടയണ അദ്ദേഹത്തിന്റെ പുത്രന്‍ ബാലകൃഷ്ണയ്യര്‍ വിട്ടുകൊടുക്കുകയായിരുന്നു. 4 മീറ്റര്‍ വ്യാസവും 9 മീറ്റര്‍ ആഴവുമുള്ള കിണര്‍, ഫില്‍ട്ടറേഷന്‍ ഗാലറി, പമ്പ് ഹൗസ്, 15 കുതിര ശക്തിയുടെ മോട്ടോര്‍, 680 മീറ്റര്‍ നീളത്തില്‍ പമ്പിങ് മെയില്‍ പൈപ്പ് ലൈന്‍, 1.50 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് പുതുതായി നിര്‍മ്മിച്ചു. പഞ്ചായത്തിന്റെ വിതരണ ശൃഖലയുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ജലസംഭരണി നിര്‍മ്മിക്കാന്‍ എഴിത്തിങ്കാട്ടില്‍ സ്ഥലം വിട്ടുനല്‍കിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഭവദാസനാണ്. വി കെ നഗര്‍, കിഴക്കങ്കാട്, പൊക്കങ്കാട്, ചെങ്കല്‍പൊറ്റ, പന്നിപ്പാറകുന്ന്, ചെറിയ പുന്നക്കുളം, വലിയ പുന്നക്കുളം, കാക്കമൂച്ചിക്കാട്, വാവേലി, കണ്ണമ്പറമ്പ് പട്ടികജാതി കോളനികള്‍ക്കാണ് പദ്ധതി പ്രയോജനം. ചടങ്ങില്‍ ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എം ജമീല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാചന്ദ്രന്‍ മുഖ്യതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഭവദാസ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സുരേഷ്ബാബു, റംല ഉസ്മാന്‍, വി കൊച്ചുകുമാരി, സി ആര്‍ രമേഷ്, ടി ജി ഗംഗാധരന്‍, സെക്രട്ടറി എം മാനോജ് സംസാരിച്ചു. എന്നാല്‍ സ്വാമിദുരെ അയ്യര്‍ ഡാം കുടിവെള്ള പദ്ധതിയുടെ നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പഞ്ചായത്തംഗങ്ങളും യു —ഡി എഫ് അംഗങ്ങളും ചടങ്ങ് ബഹിഷ്‌കരിച്ചു.