Connect with us

Malappuram

പാലത്തിന് സ്ഥലം വിട്ട് നല്‍കിയ വ്യക്തിക്ക് നഷ്ടപരിഹാരമില്ല

Published

|

Last Updated

നിലമ്പൂര്‍: വകുപ്പുകള്‍ തമ്മില്‍ പഴിചാരല്‍. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് പി ഡബ്ല്യൂ ഡി നിര്‍മിച്ച പാലത്തിന് അപ്രോച്ച് റോഡിനായി സ്ഥലം വിട്ടു നല്‍കിയ സ്വകാര്യ വ്യക്തിക്ക് പത്തു വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടിയില്ല.
ഇടിവണ്ണ പൂവ്വത്തിങ്കല്‍ ബേബിയാണ് നഷ്ടപരിഹാരത്തിനായി പൊതുമരാമത്ത്, റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. 2004-ല്‍ അന്നത്തെ നിലമ്പൂര്‍ എം എല്‍ എയും, മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അടക്കം ആവശ്യപ്പെട്ടിട്ടാണ് ബേബി സ്ഥലം വിട്ടു നല്‍കിയത്. 25 സെന്റ് സ്ഥലവും അതിലുണ്ടായിരുന്ന ഏഴ് മുറികളുള്ള കെട്ടിടവും കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങുകളും മുറിച്ചു നീക്കിയാണ് സ്ഥലം വിട്ടു നല്‍കിയത്.
ഒരുവര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ വില നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 2014-ല്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോള്‍ വകുപ്പ് മന്ത്രിയടക്കം 15 ദിവസത്തിനുള്ളില്‍ പണം ലഭ്യമാക്കുമെന്ന് സ്ഥലയുടമക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും മന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ല.
അതേസമയം മാറിവരുന്ന നിയമത്തിന്റെ നൂലാമാലകളാണ് സ്ഥലയുടമക്ക് പണം നല്‍കാനുള്ള നടപടി നീളുന്നതിന് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. നിയമങ്ങള്‍ മാറിവരുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ തവണ ഫയലുകള്‍ തയ്യാറാക്കിയിരുന്നു. ഓരോ തവണ അപേക്ഷ നല്‍കുമ്പോഴും, പുതിയ നിയമപ്രകാരം രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് ആവശ്യപ്പെടാറാണ് പതിവ്.
ഫയലുകള്‍ മുഴുവനായി സമര്‍പ്പിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ പ്രകാരം വീണ്ടും ആദ്യം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ വകുപ്പ് ആവശ്യപ്പെടുന്നതെന്നും പി ഡബ്ല്യൂ ഡിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥലത്തിന്റെ വില നിര്‍ണയിക്കുന്നത് റവന്യൂ വകുപ്പാണ്. മാസങ്ങള്‍ക്ക് മുമ്പ് പുതിയ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
റവന്യൂ വകുപ്പാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. പുതിയ നിയമപ്രകാരം എന്നാണോ തുക ലഭിക്കുന്നത് അന്നത്തെ ഭൂമി വിലക്കനുസരിച്ചുള്ള തുകയായിരിക്കും സ്ഥലയുടമകള്‍ക്ക് ലഭിക്കുക. തുക എന്ന് വിതരണം ചെയ്യുമെന്ന കാര്യത്തില്‍ പൊതുമരാമത്ത് ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം മൂലേപ്പാടം പാലത്തിനു പുറമെ പനങ്കയം, പനംപറ്റ പാലങ്ങളുടെ അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നല്‍കിയവര്‍ക്കും ഇതുവരെ തുക നല്‍കിയിട്ടില്ല.