കോഴിക്കോട് സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക്

Posted on: November 4, 2014 10:16 am | Last updated: November 4, 2014 at 10:16 am

kozhikodeകോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ് പറഞ്ഞു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ഒന്നും നാലും പ്ലാറ്റ് ഫോമുകള്‍ ദീര്‍ഘിപ്പിക്കുന്നതും മേല്‍ക്കൂര നീട്ടുന്നതും ചര്‍ച്ചയായി. മറ്റു നഗരങ്ങളിലേക്ക് കൂടുതല്‍ ട്രൈനുകള്‍, സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് സൗകര്യം, ടച്ച് ആന്‍ഡ് ഫീല്‍ സിസ്റ്റംസ്, ഡിജിറ്റല്‍ ഡിസ്‌പ്ലെ, കൂടുതല്‍ എസ്‌കലേറ്ററുകള്‍, അവശര്‍ക്കുവേണ്ടി ബാറ്ററിവണ്ടി, പാര്‍സല്‍ ഓഫീസ് മാറ്റല്‍, വൈഫൈ സൗകര്യമുള്ള എക്‌സിക്യൂട്ടീവ് ലോഞ്ചിന്റെ നിര്‍മാണം ത്വരിതപ്പെടുത്തല്‍, നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ വിശാലമായ ഭക്ഷണശാല, ബിസിനസ് പാര്‍ക്ക്, മീറ്റിംഗ് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കല്‍ എന്നിവയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പൂര്‍ണമായ മേല്‍ക്കൂര സ്ഥാപിക്കണം. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളും കൂടുതല്‍ കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കുന്നതും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തലും മികച്ച ടോയ്‌ലറ്റ് സൗകര്യം ഉറപ്പുവരുത്തലും ഉള്‍പ്പെടെ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഡി ആര്‍ എം ഉറപ്പുനല്‍കി. വെസ്റ്റ്ഹില്‍ സ്റ്റേഷന്‍ കാലിക്കറ്റ് നോര്‍ത്ത് സ്റ്റേഷനെന്ന പേരിലും കല്ലായ് സ്റ്റേഷന്‍ സൗത്ത് സ്റ്റേഷന്‍ എന്ന പേരിലും വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ഡി ആര്‍ എമ്മിനെ കൂടാതെ എം കെ രാഘവന്‍ എം പി, അഡീഷനല്‍ ഡി ആര്‍ എം മോഹന്‍ എ മേനോന്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ധനഞ്ജയന്‍, സീനിയര്‍ ഡിവിഷനല്‍ ഓപ്പറേഷന്‍ മാനേജര്‍ പ്രസന്ന, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ രാജഗോപാല്‍, ശ്രീകുമാര്‍ സംബന്ധിച്ചു.