ക്വട്ടേഷന്‍ സംഘം: സി ഐക്ക് സ്ഥലം മാറ്റം

Posted on: November 4, 2014 10:15 am | Last updated: November 4, 2014 at 10:15 am

kerala-police_01കോഴിക്കോട്: ക്വട്ടേഷന്‍ സംഘത്തിലെ എല്ലാ പ്രതികളെയും മണിക്കൂറുകള്‍ക്കകം പിടികൂടിയ കസബ സി ഐ ബാബു പെരിങ്ങേത്തിനെ സ്ഥലം മാറ്റി. 

കോഴിക്കോട് നഗരത്തില്‍ അടുത്തകാലത്തായി നടന്ന ആക്രമണത്തില്‍ അതിവേഗത്തില്‍ പ്രതികളെ പിടികൂടി കഴിവു തെളിയിച്ച് കമ്മീഷണറുടെ അഭിനന്ദനം വാങ്ങിയ സി ഐയെയാണ് ഒരു ദിവസം കൊണ്ട് സ്ഥലം മാറ്റിയത്. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലമാണ് കസബ സി ഐയെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം.
ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആയുര്‍മന നവാസടക്കമുള്ള സംഘത്തെയാണ് പോലീസ് വെള്ളിയാഴ്ച പിടികൂടിയിരുന്നത്. നവാസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡി സി സി പ്രസിഡന്റ് അബുവും ഒന്നിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ സി ഐയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. പിടിയിലായ നവാസ് ഒളവണ്ണ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ 137 ാം ബൂത്ത് കമ്മറ്റി പ്രസിഡന്റായിരുന്നു.
കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനെത്തിയ സംഘത്തെയാണ് പിടികൂടിയിരുന്നത്.
സി ഐയെ തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്. അതേസമയം ബാബുപെരിങ്ങേത്തിനെ സ്ഥലം മാറ്റിയത് ജനറല്‍ ട്രാന്‍സ്ഫറിന്റെ ഭാഗമാണെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് 30 പേരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും ഇതില്‍പ്പെടുന്നതാണ് ബാബു പെരിങ്ങേത്തിന്റെ സ്ഥലം മാറ്റമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബാബു പെരിങ്ങേത്തിന് സ്ഥലമാറ്റ ഉത്തരവ് ലഭിക്കുന്നത് ഇന്നലെയാണ്. വെള്ളിയാഴ്ചയാണ് ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളെ സി ഐ പിടികൂടിയിരുന്നത്. ഒരു ദിവസത്തിനുള്ളിലാണ് ഉത്തരവ് വന്നത്. എന്നാല്‍ ബാബു പെരിങ്ങേത്തിനോടൊപ്പം മെഡിക്കല്‍ കോളജ് സി ഐ ഉല്ലാസ്, ടൗണ്‍ സി ഐ പൗലോസ് എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്.