ക്രമസമാധാനത്തില്‍ കേരളം ഒന്നാമതെന്ന സര്‍വേ; അഭിമാനകരമായ നേട്ടം: ആഭ്യന്തര മന്ത്രി

Posted on: November 4, 2014 12:09 am | Last updated: November 4, 2014 at 12:09 am

തിരുവനന്തപുരം: ക്രമസമാധാന നിലയില്‍ കേരളം ഒന്നാമതെന്ന ഇന്ത്യാടുഡേ സര്‍വേ അഭിമാനകരമായ നേട്ടമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ ഒരു വര്‍ഷത്തെ സംസ്ഥാന ആഭ്യന്തര വകുപ്പുകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിരിക്കുന്നത്.
ദേശീയ ശരാശരിവെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. ക്രിമിനല്‍ കുറ്റങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെകുറവ് നിരക്ക് മാത്രമെ കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളുവെന്നും സര്‍വേയില്‍ പറയുന്നു. ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപറേഷന്‍ കുബേര, ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് തുടങ്ങിയ പദ്ധതികള്‍ കേരളത്തിലെ ക്രമസമാധാന നില ഭദ്രമാക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ അക്രമ സംഭവങ്ങള്‍ കുറവാണ്. തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം എന്നിവയുടെ കാര്യത്തില്‍ കേരളത്തിന്റെ വിഹിതം 4.7 ശതമാനവും, ശിക്ഷപ്പെടുന്ന കേസുകളുടെ കാര്യത്തില്‍ അത് 68. 5 ആണ്. എന്നാല്‍ ദേശീയ തലത്തില്‍ കേവലം 40.2 എന്നതാണ് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ കണക്ക്. ബലാത്സസംഗം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും അത് ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ അറസ്റ്റും, ശിക്ഷയും ആഭ്യന്തര വകുപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി സര്‍വേ ചൂണ്ടികാണിക്കുന്നുണ്ട്.ഇതാദ്യമായാണ് ഒരു കൊലപാതക കേസില്‍ രാഷട്രീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതുമെന്നാണ് വാരികയുടെ സര്‍വ്വേ വിശദമാക്കുന്നത്.തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ അഞ്ചംഗ കുടുബം ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ബ്ലേഡ് മാഫിയക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ കുബേരക്ക് രൂപം നല്‍കിയത്.