പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: November 4, 2014 12:06 am | Last updated: November 4, 2014 at 12:06 am

തിരുവനന്തപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു വിക്രമന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേനിധി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധിയില്‍ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തണമോ, പ്രാദേശികം എന്ന നിര്‍വചനം ഏതുതലം വരെയാണ് ഉദ്ദേശിക്കുന്നത്, കരാര്‍ അടിസ്ഥാനത്തിലും താത്കാലിക അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന പത്രലേഖകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാറിന്റെ മാത്രം സാമ്പത്തിക പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാവില്ലെന്നും ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് പത്രം ഉടമകളും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തുമെന്നും വിശദീകരണത്തില്‍ പറയുന്നു.