Connect with us

Eranakulam

മറൈന്‍ ഡ്രൈവ് സമരം: നക്‌സല്‍ ബന്ധം അന്വേഷിക്കും

Published

|

Last Updated

കൊച്ചി: ചുംബന ആഭാസ സമരക്കാരെയും പ്രതിഷേധക്കാരെയും പോലീസ് നേരിട്ട രീതിയെ കുറിച്ച് വിവാദം കൊഴുക്കുന്നതിനിടെ സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കിസ് ഓഫ് ലൗ പ്രവര്‍ത്തകരായ 30 ഓളം പേരെ പൊലീസ് കരുതല്‍ തടങ്കല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്ന സംഘര്‍ഷം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

മുന്‍ നക്‌സല്‍ നേതാവ് ടി—എന്‍ ജോയി ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നത്. ഇവരെ പുറത്തു വിട്ടില്ലെങ്കില്‍ സ്റ്റേഷന്‍ ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രവര്‍ത്തകര്‍. മൂന്ന് തവണ ലാത്തി വീശിയിട്ടും പിരിഞ്ഞു പോകാതെ നിന്നവര്‍ തുടര്‍ന്ന് എട്ട് മണിയോടെ പ്രവര്‍ത്തകരെ മോചിപ്പിച്ച ശേഷമാണ് പിരിഞ്ഞത്. നക്‌സല്‍ ബന്ധമുള്ളവരടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നതായാണ് സംശയം. സംഭവത്തെ കുറിച്ച് രഹസ്യാനേ്വഷണ വിഭാഗം അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ഞായറാഴ്ച മറൈന്‍ ഡ്രൈവിലും ഹെലിപ്പാട് മൈതാനത്തും അക്രമം നടന്നതിന് പിന്നിലും ഇത്തരം സംഘടനകളുടെ സ്വാധീനം പോലീസ് സംശയിക്കുന്നുണ്ട്. അയ്യായിരത്തിലേറെ പേരാണ് മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയത്. അക്രമം നടന്ന മേനക, ലോ കോളജ് പരിസരം, ഹെലിപ്പാട് മൈതാനം, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലായി നാല് ക്യാമറകള്‍ പോലീസ് സജ്ജീകരിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും അനേ്വഷണം.
തീവ്രവാദ സംഘടനകളെ പോലീസ് കയറൂരി വിട്ടതാണ് അക്രമത്തിനിടയാക്കിയതെന്നാണ് ചില ഭാഗത്ത് നിന്നുള്ള ആരോപണം. എന്നാല്‍ പോലീസിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ് പറഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും കാണികളും പ്രതിഷേധക്കാരും അതിര് വിട്ടപ്പോള്‍ അവരെ ലാത്തി വീശി അകറ്റുക മാത്രമാണ് ഉണ്ടായതെന്നും കമ്മീഷണര്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാണികളുടെയും പ്രതിഷേധക്കാരുടെയും തിരക്ക് വര്‍ധിച്ചയോടെ അവരെ നിയന്ത്രിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.—
ഇതിനിടെ കിസ് ഒഫ് ലൗവിന്റെ ഫേസ് ബുക്ക് പേജ് ഇന്നലെ പുലര്‍ച്ചെ മുതല്‍ അപ്രത്യക്ഷമായി. സമരത്തെ എതിര്‍ക്കുന്ന എതിര്‍ വിഭാഗം വ്യാകപമായി ഫേസ് ബുക്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പേജ് ബ്ലോക്ക് ചെയ്തത്. എന്നാല്‍, മറൈന്‍ഡ്രൈവില്‍ നടന്ന സമരം വിജയിപ്പിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ “കിസ് ഒഫ് ലൗ ടു” എന്ന പേരില്‍ പുതിയ അക്കൗണ്ട് നിലവില്‍ വന്നു. തുടര്‍ന്ന് വൈകിട്ടോടെ യഥാര്‍ഥ പേജ് വീണ്ടും ആക്റ്റീവായി. അതേസമയം, “കിസ് ഒഫ് ലൗ”വിന്റെ പേജ് ഹാക്ക് ചെയ്തതാണെന്നും അനേ്വഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ സംഘാടകന്‍ രാഹുല്‍ പശുപാലും പ്രവര്‍ത്തകരും രംഗത്തെത്തി. സംഘാടകരുടെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു. ചുംബന സമരത്തിലേക്ക് ചില സ്ഥാപിത താത്പര്യക്കാര്‍ നുഴഞ്ഞു കയറിയെന്നും ഇവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നുമാണ് കിസ് ഒഫ് ലൗ സംഘാടകര്‍ അവകാശപ്പെടുന്നത്. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കണം. സമരത്തില്‍ പങ്കെടുത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളെ കരുതല്‍ തടങ്കലിലാക്കിയ ശേഷം മറൈന്‍ഡ്രൈവിലുണ്ടായ സംഘര്‍ഷം ആസൂത്രിതമായിരുന്നു. സ്റ്റേഷനില്‍ പോലീസ് തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നും പുറത്ത് കൂടി നിന്ന് പോലീസുമായി സംഘര്‍ഷമുണ്ടാക്കിയത് മറ്റുള്ളവരാണെന്നുമാണ് അവരുടെ വിശദീകരണം.

Latest