മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കും: എന്‍ എന്‍ നെല്ലിക്കുന്ന്

Posted on: November 4, 2014 12:27 am | Last updated: November 3, 2014 at 9:28 pm

ബദിയഡുക്ക: ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് എന്‍ എന്‍ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നിര്‍മാണ പ്രവര്‍ത്തനം നീണ്ടുപോകുന്നതില്‍ ഉദ്യോഗസ്ഥ ലോബികള്‍ കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ചില പദ്ധതികളെ തകിടം മറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ ഒരു തന്ത്രവും വിലപോവില്ല. ജനുവരിക്ക് മുമ്പായി കോളജിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നു. അത് യഥാര്‍ഥ്യമാകുകതന്നെ ചെയ്യും. അഥവ നിര്‍മാണം പിന്നെയും നീണ്ടുപോവുകയാണെങ്കില്‍ സമരസമിതിയോടൊപ്പം താനും സമരത്തിലുണ്ടാകുമെന്നും എന്‍ എ കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് സമരത്തില്‍ രാഷട്രീയമില്ലെന്നും തെക്കന്‍ ലോബി കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ജനം ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ സമര നായിക ലീലകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. എസ് എം മയ്യ സ്വാഗതം പറഞ്ഞു. പ്രൊഫ. എ ശ്രീനാഥ്, കെ ബി മുഹമ്മദ്കുഞ്ഞി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം, വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട്, എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖര, വൈസ് പ്രസിഡന്റ്് എ എ ആഇശ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍, ജഗന്നാഥ ഷെട്ടി, പി എന്‍ അമ്മണ്ണയ്യ, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, മഞ്ചുനാഥ് മാന്യ, എം എച്ച് ജനാര്‍ദ്ദന, അന്‍വര്‍ ഓസോണ്‍, ഹമീദ് കെടഞ്ചി, അബ്ദുല്ല പ്രസംഗിച്ചു.