Connect with us

Gulf

ഷാര്‍ജ പുസ്തകമേളയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍

Published

|

Last Updated

ദുബൈ: ഈ മാസം അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമളയില്‍ യുഎഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. പി പി ശശീന്ദ്രന്‍(മാതൃഭൂമി ദിനപത്രം),ഇ എം അഷ്‌റഫ് (കൈരളി ടിവി), കെ എം അബ്ബാസ് (സിറാജ് ദിനപത്രം), സാദിഖ് കാവില്‍ (മലയാള മനോരമ), മനു റഹ്മാന്‍(സിറാജ് ദിനപത്രം), ഷാബു കിളിത്തട്ടില്‍(ഹിറ്റ് എഫ്എം), റഫീഖ് ഉമ്പാച്ചി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എന്നിവരുടെ പുസ്തകങ്ങള്‍ വിവിധ ദിവസങ്ങളിലായാണ് പ്രകാശനം ചെയ്യുക.
സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന നോവല്‍ ഏഴിന്(വെള്ളി) വൈകുന്നേരം നാലരക്ക് പുസ്തകമേളയിലെ ബുക് ഫോറം ഹാളില്‍ പ്രമുഖ സാഹിത്യകാരന്‍ സേതു പ്രകാശനം ചെയ്യും. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍. പി പി ശശീന്ദ്രന്റെ ലേഖന സമാഹാരം ഈന്തപ്പനച്ചോട്ടില്‍ അന്നു തന്നെ അഞ്ചര മുതല്‍ ആറ് വരെ ലിറ്റററി ഫോറം ഹാളില്‍ രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച, വാര്‍ത്താലോകത്തിന്റെ അകം പൊരുള്‍ വിശദീകരിക്കുന്ന ഷാബു കിളിത്തട്ടിലിന്റെ ലേഖന സമാഹാരം സ്‌പെഷ്യല്‍ ന്യൂസ് ആറര മുതല്‍ ഏഴ് വരെ ലിറ്ററേച്ചര്‍ ഫോറം ഹാളില്‍ കവി മധുസൂദനന്‍ നായര്‍ പ്രകാശനം ചെയ്യും.
കെ എം അബ്ബാസിന്റെ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ ദ് ഡെസേര്‍ട്ട് ഒമ്പതിന് വൈകുന്നേരം നാലര മുതല്‍ അഞ്ചര വരെ ലിറ്ററേച്ചര്‍ ഫോറം ഹാളിലാണ് അവതരിപ്പിക്കുക. ഇ എം അഷ്‌റഫിന്റെ, വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പുസ്തകം ഇതേ ദിവസം ആറ് മുതല്‍ ഏഴ് വരെ ഇതേ ഹാളില്‍ പ്രകാശനം ചെയ്യും. കെ എം അബ്ബാസിന്റെ പ്രവാസ അനുഭവക്കുറിപ്പുകളായ കാഴ്ച കടല്‍കടന്നപ്പോള്‍ മേളയുടെ സമാപന ദിവസമായ 15ന് വൈകുന്നേരം നാലര മുതല്‍ അഞ്ചര വരെ ലിറ്ററേച്ചര്‍ ഫോറം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്യും. 13ന് നാലര മുതല്‍ അഞ്ചര വരെ അബ്ബാസിന്റെ കഥകളെക്കുറിച്ചുള്ള ചര്‍ച്ചയും ഇതേ ഹാളില്‍ നടക്കും. സമയക്രമത്തില്‍ കൃത്യത പാലിക്കുന്നതിനാല്‍ എല്ലാ പരിപാടികളും തീരുമാനിച്ച സമയത്ത് തന്നെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങളെല്ലാം വിവിധ സ്റ്റാളുകളിലായി ലഭ്യമായിരിക്കും.
യു എ ഇയിലെ മറ്റ് ഒട്ടേറെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും മേളയില്‍ നടക്കും. സത്യന്‍ മാടാക്കര, സുറാബ്, ഒ എം അബൂബക്കര്‍, സലീം അയ്യനത്ത്, വെള്ളിയോടന്‍, റഫീഖ് മേമുണ്ട, ഐഷാ ബക്കര്‍, അഷ്‌റഫ് പേങ്ങാട്ടയില്‍, ഹാറൂണ്‍ കക്കാട്, സില്‍വില്‍ രവീന്ദ്രനാഥ്, റബേക്ക മേരി ജോണ്‍, ബാലചന്ദ്രന്‍ തെക്കന്മാര്‍, സില്‍മുഹമ്മദ്, സജീവ് എടത്താടന്‍ എന്നിവരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യും. വിവരങ്ങള്‍ക്ക്: 050-6749971.

Latest