അധ്യാപകരില്ലാതെ മഞ്ചേരി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍

Posted on: November 3, 2014 10:56 am | Last updated: November 3, 2014 at 10:56 am

മഞ്ചേരി: ക്ലാസില്‍ 90 കുട്ടികള്‍, അധ്യാപകരില്ലാത്തതിനാല്‍ ഹൈസ്‌കൂളിന്റെ ഗ്രാഫ് താഴോട്ട്. മഞ്ചേരി ഗവ.ബോയ്‌സ് ഹൈസ്‌കൂളിന്റെ ദുരവസ്ഥയാണിത്.
ഹൈസ്‌കൂളിലെ ഒന്‍പത് ഡിവിഷനിലും യു പി വിഭാഗത്തിലെ നാല് ഡിവിഷനുകളിലും അധ്യാപകരില്ല. കുട്ടികളുടെ പഠനം മുടങ്ങേണ്ടയെന്ന് കരുതി ഓരോ ക്ലാസിലും തോന്നിയ പോലെ വിദ്യാര്‍ഥികള്‍ അഭ്യാസം നടത്തുന്നു. 17 അധ്യാപകര്‍ ഇനിയും വേണം.
അഞ്ച് ക്ലാസുകളിലായി ആറ് അധ്യാപകരെ പി ടി എ താത്കാലികമായി നിയമിച്ചിട്ടുണ്ട്. 13 ഡിവിഷനുകളും 17 അധ്യാപകരും ഉണ്ടെങ്കിലേ വിദ്യാഭ്യാസവും അധ്യയനവും അധ്യാപനവും സുതാര്യമാകൂ. ഫിസിക്കല്‍ സയന്‍സ്, മാത്‌സ് എന്നിവക്ക് രണ്ട് വീതവും നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, അറബിക്, മലയാളം, ഹിന്ദി എന്നിവക്ക് ഓരോ അധ്യാപകരും ഇംഗ്ലീഷിന് മൂന്ന് അധ്യാപകരും നിര്‍ബന്ധമായും വേണം. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 1800 വിദ്യാര്‍ഥികളാണിവിടെ അധ്യയനം നടത്തുന്നത്. പോര്‍ട്ടബിള്‍ മൈക്ക് സെറ്റുമായിട്ടാണ് അധ്യാപകര്‍ ക്ലാസ്മുറികളിലെത്തുന്നത്. 90 വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കാനും മറ്റു മാര്‍ഗമില്ല. 2014 മെയില്‍ തന്നെ 17 അധ്യാപകര്‍ വേണമെന്ന് പ്രധാനധ്യാപകന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്‌കൂള്‍ തുടങ്ങി ആറാം പ്രവൃത്തി ദിനത്തിലും ഡി ഇ ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജൂലൈ 15ന് സ്റ്റാഫ് ഫിക്‌സേഷന്‍ ദിവസവും ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മഞ്ചേരി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ പഠന നിലവാരത്തില്‍ മുന്നിലെത്തിയിട്ടുണ്ടെങ്കിലും പരിമിതികളാല്‍ പ്രയാസമനുഭവിക്കുകയാണ്.