Connect with us

Kozhikode

പെട്ടിക്കട മിനി പാര്‍ക്കിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം

Published

|

Last Updated

താമരശ്ശേരി: മിനി ബൈപ്പാസ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ പെട്ടിക്കട പബ്ലിക് ലൈബ്രറിയോട് ചേര്‍ന്നുള്ള മിനി പാര്‍ക്കിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈപ്പാസ് റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള പെട്ടിക്കട മിനി പാര്‍ക്കില്‍ സ്ഥാപിക്കാന്‍ ഭരണ സമിതിയോഗത്തില്‍ തീരുമാനിച്ചതായി കാണിച്ച് സെക്രട്ടറി കടയുടമക്ക് നോട്ടിസ് നല്‍കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം മിനി ബൈപ്പാസിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രവൃത്തി കഴിഞ്ഞമാസം അവസാനമാണ് ആരംഭിച്ചത്. ബൈപ്പാസ് നവീകരിച്ച് രണ്ടുവരി പാതയാക്കി ഗതാഗതം സുഗമമാക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി പബ്ലിക് ലൈബ്രറിയോട് ചേര്‍ന്നുള്ള മിനി പാര്‍ക്കിന്റെ ചുറ്റുമതില്‍ ഉള്‍പ്പെടെ പൊളിച്ചുമാറ്റിയിരുന്നു. റോഡിന്റെ തുടക്കത്തിലുള്ള പെട്ടിക്കട നീക്കം ചെയ്യാന്‍ നേരത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബാഹ്യ ഇടപെടല്‍ കാരണം പെട്ടിക്കട മിനി പാര്‍ക്കിലേക്ക് മാറ്റാന്‍ ഭരണ സമിതിയോഗം തീരുമാനിക്കുകയായിരുന്നു.
താമരശ്ശേരി ടൗണില്‍ പൊതുജനത്തിന് വിശ്രമിക്കാനുള്ള ഏക സൗകര്യമായ മിനി പാര്‍ക്ക് സ്വകാര്യ വ്യക്തിക്ക് പെട്ടിക്കട സ്ഥാപിക്കാന്‍ വിട്ടുകൊടുത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി സാസ്‌കാരിക പ്രവര്‍ത്തകര്‍ യോഗം ചേരുകയും യുവജന സംഘടനാ ഭാരവാഹികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മിനി പാര്‍ക്കില്‍ ഇ ടോയ്‌ലെറ്റ് സ്ഥാപിച്ചെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം നീക്കം ചെയ്യുകയായിരുന്നു.

Latest