Connect with us

Books

എം എ ഉസ്താദിന്റ സംയുക്ത കൃതികളുടെ സമാഹാരം പുറത്തിറങ്ങുന്നു

Published

|

Last Updated

Ma Usthad Photos KKD Nov 1കോഴിക്കോട്: കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലേക്ക് പടവാളുപോലൊരു ബ്രഹ്ത്ത് ഗ്രന്ഥം പുറത്തിറക്കുന്നു. മുസ്‌ലിം കൈരളിയുടെ ചിന്താ മണ്ഡലങ്ങളില്‍ രാകിമിനുക്കിയ പാണ്ഡിത്യത്തിന്റെ പേനത്തുമ്പില്‍ നിന്ന് പിറവിയെടുത്ത കനമുള്ള വരികള്‍ കോര്‍ത്തിണക്കിയ അറിവിന്റെ പുസ്തക രൂപം അണിയറയില്‍ മഷി പുരണ്ടു തുടങ്ങി.

മലയാളിയുടെ ചിന്താലോകത്തേക്ക് പുതിയൊരു പ്രവേശന കവാടം തുറക്കുന്ന സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികളുടെ സമാഹാരം കേരളത്തിന്റെ പ്രസാധന ചരിത്രത്തില്‍ അത്ഭുതമാവുകയാണ്. പുറത്തിറങ്ങുന്നതിന് മുമ്പേ പതിനായിരത്തോളം പ്രീ പബ്ലിക്കേഷന്‍ കോപ്പികളുടെ ബുക്കിംഗ് പൂര്‍ത്തിയാക്കിയത് മറ്റൊരു ചരിത്രമാണ്. മതം, ശാസ്ത്രം, കമ്മ്യൂണിസം, യുക്തിവാദം, മതനവീകരണം, വിശ്വാസം, കര്‍മം, ആത്മസംസ്‌കരണം, ചരിത്രം തുടങ്ങി എല്ലാമുണ്ട് ഈ പുസ്തകത്തില്‍.
ആധികാരികമായ പഠനങ്ങളുടെ മുവായിരം പേജുകള്‍ മൂന്ന് വാള്യങ്ങളിലായാണ് പ്രസിദ്ധീകരിക്കുന്നത്. 1954 ല്‍ “അല്‍ കിത്താബുല്‍ അവ്വല്‍ ഫീ താരീഖില്‍ റസൂല്‍” എന്ന പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച എം എ ഉസ്താദിന്റെ അറുപത് വര്‍ഷത്തെ രചനകള്‍ എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഉപഹാരമായാണ് പുറത്തിറങ്ങുന്നത്.
നാല്‍പത്തിയഞ്ചില്‍ പരം പുസ്തകങ്ങള്‍ ചരിത്രം, ദര്‍ശനം, വീക്ഷണം എന്നിങ്ങനെ മൂന്ന് വാള്യങ്ങളിലായി ക്രോഡീകരിച്ച് പുസ്തക പ്രസാധനത്തിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കെട്ടിലും മട്ടിലും പുതുമയോടെയാണ് പുറത്തിറക്കുന്നത്. എസ് വൈ എസ് പ്രസീദ്ധീകരണ വിഭാഗമായ റീഡ്് ബുക്ക്‌സ് പ്രമുഖരുടെ മേല്‍നോട്ടത്തില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയാണ് പുസ്തകം തയ്യാറാക്കുന്നത്. അവയവദാനം മുതല്‍ ക്ലോണിംഗ് വരെയുള്ള ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകളും കൗതുകങ്ങളും, സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു മുമ്പെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ദൗര്‍ബല്യങ്ങളുടേയും കമ്മ്യൂണിസ്റ്റ് ചേരിയുടെ തകര്‍ച്ചയുടേയും വിവരണം, ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തിന്റെ പൊള്ളത്തരങ്ങള്‍, ആഗോളതലത്തില്‍ നടക്കുന്ന ഭീകരതയുടെ ഉറവിടം മുജാഹിദിസമാണെന്ന് സമര്‍ഥിക്കുന്ന വിവരണം, അശ്അരി ത്വരീഖത്ത് അനുസരിച്ചുള്ള വിശ്വാസ ശാസ്ത്രത്തിന്റെ വിശദമായ പഠനം, ഇസ്‌ലാമിലെ എല്ലാ അവാന്തരവിഭാഗങ്ങളുടേയും ആചാരപരമായ പൊള്ളത്തരങ്ങള്‍… വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന പഠനാര്‍ഹമായ കൃതികളാണ് എല്ലാം.
പണ്ഡിതന്‍മാരിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ പണ്ഡിതനുമായ എം എയുടെ വിസ്മയകരമായ ശൈലിയും അവതരണവും പുസ്തകവായനയും വേറിട്ട അനുഭവമാകുന്നു. ആഗോള പ്രശസ്തരായ യൂസുഫുന്നബ്ഹാനി, യൂസുഫു ദ്ദജ്‌വി എന്നിവരെ എഴുത്തില്‍ മാതൃകയാക്കുന്ന എം എ വിവാദ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാള പുസ്തകങ്ങളെ ആശ്രയിക്കാത്തതിനാല്‍ രചനകള്‍ക്കെല്ലാം ലോക കാഴ്ചപാടാണുള്ളത്. ചരിത്രപരമായ പഠനങ്ങള്‍ക്ക് സാമ്പ്രദായികമായ രീതികള്‍ സ്വീകരിക്കാതെ ഇന്ത്യക്ക് പുറത്തുനിന്നുള്ള പുസ്തകങ്ങളേയും ലേഖനങ്ങളേയും പത്രങ്ങളേയുമൊക്കെയാണ് ആശ്രയിച്ചിരിക്കുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തൊട്ട് ഉള്ളാള്‍ തങ്ങള്‍ വരെയുള്ള പ്രാസ്ഥാനിക നേതാക്കളുമായി അടുത്തിടപഴകാന്‍ സൗകര്യം ലഭിച്ച എം എ ഉസ്താദ് ഇവരെയെല്ലാം കുറിച്ച് എഴുതി എന്നതും ശ്രദ്ധേയമാണ്. 45 പുസ്തകങ്ങളിലെ ഉളളടക്കങ്ങള്‍ക്ക് പുറമെ ആയിരകണക്കിന് ലേഖനങ്ങളില്‍ ആവശ്യമായതും സംയുക്ത കൃതികളില്‍ ഇടംപിടിച്ചിട്ടുണ്ട്. അറബി മലയാളം, മലയാളം ഭാഷകളിലെ ചെറുതും വലുതുമായ പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമൊപ്പം പുസ്തകങ്ങളുടെ ആമുഖകുറിപ്പും പഠനങ്ങളും സംയുക്ത കൃതികളെ സമ്പന്നമാക്കുന്നു. 1954 ല്‍ എഴുതി തുടങ്ങി ഇന്നും എഴുത്തു തുടരുന്ന എം എയുടെ ചിതറികിടക്കുന്ന കൃതികളുടെ ക്രോഡീകരണം എന്നതിനപ്പുറം വലിയൊരു പഠനസമാഹാരത്തിന്റെ സൂക്ഷിപ്പു കൂടിയാണ് ഈ മാസം പുറത്തിറങ്ങുന്ന എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികള്‍.

Latest