തസ്തിക നിര്‍ണയം; അധിക അധ്യാപകരുടെ പുനര്‍വിന്യാസം തുടങ്ങി

Posted on: November 3, 2014 5:09 am | Last updated: November 3, 2014 at 12:10 am

teacherതിരുവനന്തപുരം: തസ്തിക നിര്‍ണയത്തിലൂടെ അധികമായി കണ്ടെത്തിയ അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പുനര്‍വിന്യാസ നടപടിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നനുള്ള ലിസ്റ്റ് പുറത്തിറങ്ങി. പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ ഇറങ്ങിയ സ്ഥലം മാറ്റ ലിസ്റ്റില്‍ വിരമിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കുന്ന അധ്യാപകരും സ്ഥാനംപിടിച്ചിട്ടുണ്ട്. കൃത്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതുവരെ അധ്യാപ പുനര്‍വിന്യാസം നിര്‍ത്തിവയ്ക്കാന്‍ വെള്ളിയാഴ്ച്ച ചേര്‍ന്ന ക്യു ഐ പി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് കടകവിരുദ്ധമാണ് പുതിയ നടപടികള്‍.മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തലസ്ഥാന ജില്ലയിലെ അധ്യാപകരെ സ്ഥലം മാറ്റികൊണ്ട് ഉത്തരവ് ഇറങ്ങിയതെന്നാണ് ആരോപണം. 84 എച്ച് എസ് എ കോര്‍ സബ്ജക്ട് അധ്യാപരെ പുനര്‍വിന്യസിച്ചുകൊണ്ടാണ് ഉത്തരവ്. ഈ വര്‍ഷം വിരമിക്കുന്നവരും പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കേണ്ടവരും ലിസ്റ്റിലുണ്ട്. പുനര്‍വിന്യാസത്തിലൂടെ നിയമനം ലഭിച്ചതാകട്ടെ വിദൂര സ്ഥലങ്ങളിലും. വരാനിരിക്കുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള അധ്യാപക സ്ഥലംമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. യഥാസമയം തസ്തിക നിര്‍ണയം നടത്താത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓരോ വര്‍ഷവും തസ്തിക നിര്‍ണയിച്ച് അധികം അധ്യാപകരെ കുറവുള്ള സ്ഥലങ്ങളില്‍ നിയമിച്ചിരുന്നെങ്കില്‍ മുതിര്‍ന്ന അധ്യാപകരുടെ സ്ഥലംമാറ്റം ഒഴിവാക്കപ്പെടുമായിരുന്നു. കുറേകാലത്തിനുശേഷമാണ് നടപടികളെന്നതിനാല്‍ തസ്തിക നഷ്ടപ്പെട്ടവര്‍ക്കൊന്നും പരിസരത്തുള്ള സ്‌കൂളുകളില്‍ സ്ഥാനം കിട്ടിയില്ല. അടുത്ത കാലങ്ങളില്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ സ്വന്തം സ്ഥലങ്ങളില്‍ നിലനില്‍ക്കുകയും വിരമിക്കല്‍ പ്രായം അടുത്തെത്തിയ അധ്യാപകര്‍ മുഴുവന്‍ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.ജില്ല ഒറ്റ യൂണിറ്റായി കണക്കാക്കി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി പുനര്‍വിന്യാസിക്കുക, നിലവില്‍ ജോലിചെയ്യുന്ന വിദ്യാലയത്തില്‍നിന്നും വിദൂര പ്രദേശങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വിദ്യാലയങ്ങളിലേക്ക് നിയമനം നല്‍കുക എന്നീ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. ഇതിനിടെ, തസ്തിക നഷ്ടമായി അധ്യാപക ബാങ്കില്‍ സ്ഥാനം പിടിച്ചവരെ കലാ കായിക,പ്രവൃത്തിപരിചയ അധ്യാപകരായി പുനര്‍വിന്യസിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അയ്യായിരം അധ്യാപകരെയാണ് ഈ രീതിയില്‍ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുനര്‍വിന്യസിക്കുന്നത്. സാധാരണ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ കലാകായിക അധ്യാപകരായി പുനര്‍വിന്യസിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 7627 അധ്യാപകര്‍ അധികമായുണ്ടെന്നാണ് കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 6977 പേരും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 650 പേരും അധികമായുണ്ടെന്ന് കണ്ടെത്തിയിരുന്നു. യു ഐ ഡി രേഖകള്‍ അനുസരിച്ചാണ് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയത്. 12000 അധ്യാപകര്‍ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന അനുപാതത്തില്‍ ക്രമീകരിച്ചതിനെത്തുടര്‍ന്നാണ് 7627 ആയി ചുരുങ്ങിയത്.