ജില്ലയില്‍ 15000 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യും

Posted on: November 3, 2014 5:31 am | Last updated: November 2, 2014 at 10:32 pm

കാസര്‍കോട്: കൃഷി വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേര്‍ഡ് സന്നദ്ധ സംഘടനകള്‍, സഹായ സംഘങ്ങള്‍, കലാസമിതികള്‍, തുടങ്ങിയവയിലെ അംഗങ്ങള്‍ക്ക് 15,000 പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും.
താത്പര്യമുള്ള സംഘടനകള്‍ അവരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അംഗങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തുന്നതിനുള്ള അംഗത്വ രജിസ്റ്റര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അതാതു പ്രദേശത്തെ കൃഷി ഭവനുകളില്‍ ഉടനടി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം ലഭിക്കുന്ന 15,000 വിത്ത് പാക്കറ്റുകള്‍ക്ക് ഉള്ള അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട കൃഷിഭവനുകള്‍ മുഖേന സൗജന്യമായി വിതരണം ചെയ്യും.
കൂടാതെ, ജില്ലയില്‍ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന് തത്പരരായ കര്‍ഷകര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വീട്ടമ്മമാര്‍, സ്വയം സഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, കലാസമിതികള്‍ തുടങ്ങിയവ മുഖേന അതിലെ അംഗങ്ങള്‍ക്കും കിറ്റുകള്‍ക്കും വിതരണം ചെയ്യും.
വീട്ടുവളപ്പിലും അടുക്കളത്തോട്ടം ആയി കൃഷി ചെയ്യുന്നതിന് തത്പരരായ സംഘടനകള്‍ അതാതു പ്രദേശത്തെ കൃഷിഭവനില്‍ അംഗങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.അത്യുത്പാദനശേഷിയുള്ള തൈകളാണ് വിതരണം ചെയ്യുന്നത്.
വിവരങ്ങള്‍ക്ക് ജില്ലയിലെ കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.