Connect with us

Kasargod

അധികൃതര്‍ നല്‍കിയത് എ പി എല്‍ കാര്‍ഡ്; വീടുപോലുമില്ലാത്ത നിര്‍ധന കുടുംബം ദുരിതത്തില്‍

Published

|

Last Updated

രാജപുരം: വീടോ പഠന സൗകര്യങ്ങളോ ഇല്ലാതെ വിധവയായ യുവതിയും രണ്ടു മക്കളും ദുരിത ജീവിതം തളളിനീക്കുന്നു. പ്ലാസ്റ്റിക് ടാര്‍പായകൊണ്ട് മേല്‍ക്കൂര തീര്‍ത്ത ഒറ്റമുറി വീടിനുളളില്‍ വര്‍ഷങ്ങളായി കഴിയുന്ന ഇവര്‍ക്കാകട്ടെ നല്‍കിയിരിക്കുന്നത് എ പി എല്‍ കാര്‍ഡ്. അതുകൊണ്ട്തന്നെ വൈദ്യുതി കിട്ടാത്ത ഇവര്‍ക്ക് ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ.
പനത്തടി പഞ്ചായത്തിലെ കൊളപ്പുറം മാട്ടക്കുന്നിലെ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷിയേയും രണ്ടു മക്കളെയുമാണ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. ശ്രീനിയും ഉണ്ണിയും വിദ്യാര്‍ഥികളാണ്. സഹോദരങ്ങളായ ഇവര്‍ക്ക് താമസയോഗ്യമായ വീടില്ല. കുടുംബ സ്വത്തായി കിട്ടിയ 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും കൂലിപ്പണിയെടുത്ത് ജീവിതം കഴിക്കുന്ന ഇവരുടെ അമ്മ കമലാക്ഷിക്ക് വീട് പണിയാനുളള പണമില്ല. പ്ലാസ്റ്റിക് ടാര്‍പായ വിരിച്ച് മേല്‍ക്കൂര തീര്‍ത്ത ഒറ്റമുറി കൂരയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഇവര്‍ക്ക് പഞ്ചായത്തും വീടു നല്‍കിയില്ല. പനത്തടി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പ്പെട്ട കുളപ്പുറം മാട്ടക്കുന്നിലാണ് ഇവരുടെ താമസം.12 വര്‍ഷം മുമ്പ് ഭര്‍ത്താവ് ശ്രീധരന്‍ മരിച്ച കമലാക്ഷി വിധവാ പെന്‍ഷന്‍ കൈപ്പറ്റിയിട്ടുപോലും വിധവകള്‍ക്കുളള മുന്‍ഗണന നല്‍കി വീട് നല്‍കാന്‍ പഞ്ചായത്ത് തയ്യാറായില്ല.നാല് പ്രാവശ്യം വീടിന് അപേക്ഷിച്ചതായി കമലാക്ഷി പറയുന്നു.
കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ആകെയുളള ഒറ്റമുറിയിലാണ്.അടുപ്പില്‍ തീ കത്തിക്കുമ്പോള്‍ പുക കാരണം അകത്തിരിക്കാന്‍ വയ്യ. പഠിക്കണമെങ്കില്‍ മഴയും വെയിലും കൊണ്ട് പുറത്തിരിക്കണം. ഞങ്ങള്‍ക്ക് വെച്ചെഴുതാന്‍ ഒരു മേശയില്ല, ഇരിക്കാന്‍ കസേരയില്ല. ഉണ്ണിയും ശ്രീനിയും ഗദ്ഗദത്തോടെ പറയുന്നു. ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പത്താംതരം വിദ്യാര്‍ഥിയാണ് ശ്രീനി. ഉണ്ണി ഇതേ സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്നു. എട്ട് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ സ്‌ക്കുളില്‍ പോയിവരുന്നത്. അടുത്തുളള വീടുകളിലെല്ലാം വൈദ്യുതിയുണ്ടെങ്കിലും ഇവര്‍ക്ക് മാത്രം വൈദ്യുതിയില്ല. പഠിക്കാന്‍ മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കണം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ഇവര്‍ക്ക് ആശ്രയം. ഇവര്‍ക്ക് കിട്ടുന്നത് അര ലിറ്റര്‍ മണ്ണെണ്ണയാണ്. ഇവര്‍ക്ക് എ പി എല്‍ കാര്‍ഡാണ് അനുവദിച്ചു നല്‍കിയത്. പട്ടികവര്‍ഗ വിഭാഗക്കാരായ ഇവര്‍ക്ക് പഞ്ചായത്ത് വഴി വീട് നല്‍കാന്‍ ഊരുകൂട്ടത്തില്‍ തീരുമാനമായെങ്കിലും തീരുമാനം പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചതായി ഊരുമൂപ്പന്‍ വിജയന്‍ മാട്ടക്കുന്ന് പറയുന്നു.