കുരുമുളക് വില ഉയര്‍ന്നു, സ്വര്‍ണം, വെളിച്ചെണ്ണ വില താഴ്ന്നു

Posted on: November 2, 2014 10:53 pm | Last updated: November 2, 2014 at 10:53 pm

marketകൊച്ചി: ആഭ്യന്തര ഡിമാന്‍ഡ് കുരുമുളക് വില ഉയര്‍ത്തി. റബ്ബര്‍ സംഭരണം വൈകിയത് കണ്ട് ടയര്‍ ലോബി ഷീറ്റു വില ഇടിച്ചു. ഉത്സവ ആവശ്യം കഴിഞ്ഞതോടെ വെളിച്ചെണ്ണ വില താഴ്ന്നു. വിനിമയ വിപണിയില്‍ ഡോളര്‍ മികവ് കാണിച്ചത് സ്വര്‍ണത്തിനു തിരിച്ചടിയായി.
കുരുമുളകിനു ഉത്തരേന്ത്യന്‍ ആവശ്യം ഉയര്‍ന്നതോടെ നിരക്ക് ഉയര്‍ന്നു. കാര്‍ഷകര്‍ ചരക്ക് നീക്കം നിയന്ത്രിച്ചത് ഉത്പ്പന്നത്തിനു നേട്ടമായി. സീസണ്‍ അടുത്ത അവസരത്തില്‍ സ്‌റ്റോക്കിസ്റ്റുകള്‍ സാധാരണ കുരുമുളകില്‍ പിടിമുറുക്കാറില്ല. അടുത്ത മാസം പുതിയ കുരുമുളക് വില്‍പ്പനക്ക് ഇറങ്ങും. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് 68,500 രൂപ. ഗാര്‍ബിള്‍ഡ് കുരുമുളക് 70,000 രൂപയില്‍ നിന്ന് വാരാന്ത്യം 71,500 രൂപയായി. വിദേശത്തു നിന്ന് ഇന്ത്യന്‍ കുരുമുളകിനു ആവശ്യക്കാരില്ല.
ചുക്ക് വില സ്‌റ്റെഡി. ശൈത്യകാല ഡിമാന്‍ഡ് അനുഭവപ്പെടുന്നതോടെ നിരക്ക് മെച്ചപ്പെടാം. ഉത്തരേന്ത്യന്‍ കാലാവസ്ഥ മാറുന്നതോടെ അവിടെ നിന്ന് ചുക്കിനു പുതിയ ഓര്‍ഡര്‍ എത്തും. കൊച്ചിയില്‍ ചുക്ക് വില 21,000-23,000 രൂപയാണ്.
റബ്ബര്‍ സംഭരണം നീളുന്നതിനിടയില്‍ വ്യവസായികള്‍ ഷീറ്റു വില ഇടിച്ചു. സംസ്ഥാനത്തെ പത്ത് ലക്ഷത്തില്‍ അധികം വരുന്ന ചെറുകിട റബ്ബര്‍ കര്‍ഷകരെ ബാധിച്ച ദുരിതം തുടരുകയാണ്. പോയ വാരം റബ്ബര്‍ വില 12,600 ല്‍ നിന്ന് 12,200 രൂപയായി. അഞ്ചാം ഗ്രേഡ് 19,900 രൂപയിലാണ്.
നാളികേരോല്‍പ്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം കുറഞ്ഞതോടെ സ്‌റ്റോക്ക് വിറ്റുമാറാന്‍ മില്ലുകാര്‍ മത്സരിച്ചു. ദീപാവലി വേളയില്‍ 14,900 ല്‍ എത്തിയ എണ്ണ ഈ വാരം ഇടപാടുകള്‍ അവസാനിക്കുമ്പോള്‍ 14,550 ലാണ്. കൊ്രപ 9735 ലും പിണ്ണാക്ക് 2200-3000 രൂപയിലും ക്ലോസിംഗ് നടന്നു.
കേരളത്തില്‍ സ്വര്‍ണ വില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍. ആഭരണ വിപണികളില്‍ പവന്‍ 20,400 രൂപയില്‍ വില്‍പ്പനക്ക് തുടക്കം കുറിച്ചെങ്കിലും അധിക നേരം ഈ റേഞ്ചില്‍ പിടിച്ചു നില്‍ക്കാനായില്ല. വാരാവസാനം 20,000 രൂപയിലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട പവന്‍ ശനിയാഴ്ച 19,680 ലേക്ക് ഇടിഞ്ഞു. പവനു മൊത്തം 720 രൂപ പോയവാരം കുറഞ്ഞു. ഒരു ഗ്രാമിനു 90 രൂപ താഴ്ന്ന് 2460 രൂപയായി. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിനു 1231 ഡോളറില്‍ നിന്ന് 1160 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം വില 1173 ഡോളറിലാണ്.