കടല്‍ക്കൊള്ള ഭീഷണി; രാജ്യാന്തര സഹകരണത്തിന് ആഹ്വാനം

Posted on: November 2, 2014 6:05 pm | Last updated: November 2, 2014 at 6:05 pm

ദൂബൈ: കടല്‍ക്കൊള്ളക്കാരുടെ ഭീഷണി നേരിടാന്‍ നടത്തിയ സമ്മേളനം രാജ്യാന്തര സഹകരണത്തിന് ആഹ്വാനം ചെയ്തു. കടല്‍ക്കൊള്ളക്കാര്‍ കരയിലും കടന്നുകയറ്റം നടത്തുന്നതായി സമ്മേളനം വിലയിരുത്തി. സംയുക്ത നീക്കത്തിലൂടെ സോമാലിയന്‍ മേഖലയിലടക്കം കനത്ത തിരിച്ചടി നല്‍കിയെങ്കിലും മറ്റിടങ്ങളിലും ഇവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അത് വരുംകാലത്ത് ഭീഷണിയാണ്. ഇവരുടെ ഭീഷണി പൂര്‍ണമായും ഇല്ലാതാക്കാന്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും രാജ്യാന്തര പ്രതിനിധികള്‍ പറഞ്ഞു. യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെയും ഡി പി വേള്‍ഡിന്റെയും ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. 600 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
കപ്പലുകളില്‍ കമാന്‍ഡോകളെ വിന്യസിക്കുക, പടക്കോപ്പുകളുമായി എണ്ണ ടാങ്കറിനെ മറ്റൊരു കപ്പല്‍ പിന്തുടരുക, വ്യോമനിരീക്ഷണം ഊര്‍ജിതമാക്കുക എന്നീ ത്രിതല പ്രതിരോധ സംവിധാനമാണു പൊതുവെ നടപ്പാക്കുന്നത്. ഉപഗ്രഹ നിരീക്ഷണവുമുണ്ട്.
സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാരുടെ ഭീഷണി വലിയൊരളവോളം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേ സമയം, ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഇവര്‍ ശക്തമായ സാന്നിധ്യമറിയിച്ചു. ലോകരാജ്യങ്ങള്‍ തമ്മിലുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും കടല്‍വഴിയാണെന്നതിനാല്‍ കടല്‍ക്കൊള്ളക്കാര്‍ വാണിജ്യമേഖലക്ക് കടുത്ത ആഘാതമാണ് ഏല്‍പിക്കുന്നത്. ഗള്‍ഫ് മേഖലയിലും ഇവര്‍ കടന്നുകയറ്റത്തിനൊരുങ്ങി.
2011 ലെ ആദ്യ ആറു മാസത്തെ കണക്കനുസരിച്ച് കടല്‍ക്കൊള്ളക്കാരുടെ 266 ആക്രമണങ്ങളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. 20 കപ്പലുകളും 420 ജീവനക്കാരും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായി. ഇവരിലേറെയും മോചിതരായെങ്കിലും ആക്രമണങ്ങളില്‍ ചില ജീവനക്കാര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. കോടിക്കണക്കിനു ഡോളര്‍ മോചനദ്രവ്യമായി നല്‍കേണ്ടിവന്നു.