നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിനിധികള്‍

Posted on: November 2, 2014 12:08 am | Last updated: November 2, 2014 at 2:11 pm

cpiമലപ്പുറം: ചൂടേറിയ ചര്‍ച്ചകളും വാഗ്വേദങ്ങളുമായി സി പി എം സമ്മേളനങ്ങളുടെ രണ്ടാം ഘട്ടമായ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ കാവനൂരിലാണ് ആദ്യ ലോക്കല്‍ സമ്മേളനം നടന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇടങ്ങളിലാണ് ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി പരിഗണനക്കെടുത്ത നയരേഖകള്‍ മുതല്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കേണ്ട രാഷ്ട്രീയ അടവുകള്‍ വരെ പരിഗണനക്ക് വരുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക.
കഴിഞ്ഞ മൂന്ന് വര്‍ഷം സമര രംഗത്ത് പാര്‍ട്ടി സ്വീകരിച്ച നിലപാടുകളായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനത്തിനാണ് വഴിവെക്കുക. സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും വിജയിപ്പിച്ചെടുക്കുന്നതിലുമുള്ള പിന്നാക്കം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നും ഈ നില തുടര്‍ന്നാല്‍ ബംഗാളിലെ അവസ്ഥയായിരിക്കും കേരളത്തിലും സംഭവിക്കുകയെന്നുമുള്ള വിമര്‍ശനങ്ങളാണ് പ്രതിനിധികള്‍ ഉയര്‍ത്തുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുവെന്ന വിലയിരുത്തലുകളും ബ്രാഞ്ച് സമ്മേളനങ്ങളിലുണ്ടായി.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഇത് പാര്‍ട്ടിയുടെ ശക്തി കുറക്കുന്നതിന് കാരണമായിട്ടുണ്ടെന്ന പൊതുവിലയിരുത്തലുകളുമുണ്ട്. തദ്ദേശ സ്വയം’ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ കൈവിട്ടുപോയ പഞ്ചായത്തുകളും നഗരസഭകളും തിരിച്ചുപിടിക്കുന്നതിനുളള അടവുനയങ്ങളുടെ രൂപവത്കരണവും ലോക്കല്‍ സമ്മേളനങ്ങളിലുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ട്ടി ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിക്കാനാകാത്തതാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പൊതു വിമര്‍ശനമായി ഉയര്‍ന്നത്. പാര്‍ട്ടിയിലെ വിഭാഗീയതക്ക് അറുതിവരുത്താനായെങ്കിലും ഇതുമൂലം ഉണ്ടാകേണ്ടിയിരുന്ന മുന്നേറ്റം സാധ്യമാക്കാനായില്ലെന്നും ചിലയിടങ്ങളില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. പാര്‍ട്ടി പ്രവര്‍ത്തന പരിപാടികള്‍ രൂപവത്കരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇതര രാഷ്ട്രീയ പാര്‍ട്ടികളെ പോലെ സി പി എമിനേയും കണക്കാക്കുന്ന രീതി വര്‍ധിച്ചു വരികയാണെന്നും ഇതിന് നേതൃത്വത്തിന്റെ ചെയ്തികള്‍ പലപ്പോഴും കാരണമാകുന്നുവെന്ന കുറ്റപ്പെടുത്തലും ബ്രാഞ്ച് സമ്മേളനങ്ങളിലുണ്ടായി. സോളാര്‍ വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ തീരുമാനിച്ച സെക്രട്ടറിയേറ്റ് ഉപരോധം പൊടുന്നനെ അവസാനിപ്പിച്ചതിലുള്ള വിമര്‍ശനം ഒട്ടുമിക്ക ബ്രാഞ്ചുകളില്‍ നിന്നുമുണ്ടായി.
ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ ‘ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും കൂടുതല്‍ ശക്തമാകും. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴകീറിയുളള പരിശോധനക്ക് വിധേയമാക്കപ്പെടുന്ന വേദികൂടിയാണിത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മാറണമെന്ന സംഘടന രേഖ പ്രാവര്‍ത്തികമാകുന്ന സമ്മേളനം കൂടിയാണിത്.
പ്രവര്‍ത്തന രംഗത്ത് മികവും പരിചയവുമുളള യുവാക്കളെ സെക്രട്ടറിമാരായി തിരഞ്ഞെടുക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്. ഇതനുസരിച്ച് പലയിടങ്ങളിലും സെക്രട്ടറിമാരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയും വിഭാഗീയത സൃഷ്ടിക്കുന്നവരെയും സ്ഥാനത്ത് ഒഴിവാക്കിയിട്ടുണ്ട്. പ്രായാധിക്യവും ചിലയിടങ്ങളില്‍ സെക്രട്ടറിമാരെ മാറ്റാന്‍ കാരണായി.
കാട് കയറിയുളള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസരം നല്‍കാതെ ക്രിയാത്മകമായ ഇടപെടല്‍ പ്രസീഡിയത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ ശ്രദ്ധകാണിക്കണമെന്ന നിര്‍ദേശവും സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അംഗസംഖ്യ കൂടുതലുളള ലോക്കല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും വിഭജിക്കണമെന്ന ആവശ്യവും നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ തന്നെ മാലിന്യം സംസ്‌കരിക്കേണ്ടതിന്റെ പ്രധാന്യവും അതിന്റെ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ വിശദീകരിച്ച് ജനശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയും നേതൃത്വവും.