Connect with us

International

ഇറാഖിലും സിറിയയിലും 80 രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദികളെന്ന്

Published

|

Last Updated

ലണ്ടന്‍ : ഇറാഖിലും സിറിയയിലുമായി 80 വിദേശ രാജ്യങ്ങളില്‍നിന്നുള്ള തീവ്രവാദികളുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ടിനെ അധികരിച്ച് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം പറയുന്നു. മുന്‍ കാലങ്ങളില്‍ അല്‍ഖാഇദയുടെ വെല്ലുവിളികള്‍ നേരിടാത്ത രാജ്യങ്ങളില്‍നിന്നുള്ളവരടക്കം 15,000 ത്തോളം പേര്‍ ഇസില്‍ തീവ്രവാദികള്‍ക്കൊപ്പം പോരാടാനായി ഇരു രാജ്യങ്ങളിലേക്കും യാത്രയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതലാണ് ഇതില്‍ വര്‍ധനയുണ്ടായിട്ടുള്ളത്. ഫ്രാന്‍സ്, റഷ്യ, യു കെ, വടക്കന്‍ അയര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള വിദേശ പോരാളികളും ഇതില്‍ ഉള്‍പ്പെടുമെന്ന് പത്രം പറയുന്നു. ബ്രിട്ടനില്‍നിന്നും ആഴ്ചയില്‍ അഞ്ച് പേര്‍ വീതം ഇസിലിനൊപ്പം പോരാടാന്‍ പോകുന്നുണ്ടെന്ന് ബ്രിട്ടനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബെര്‍നാഡ് ഹോഗന്‍ ഹോവ് കണക്കാക്കുന്നു. സിറിയയിലും ഇറാഖിലുമായി ഏകദേശം 500 ബ്രിട്ടീഷ് പൗരന്‍മാര്‍ ഇസിലിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു. ഇത്തരത്തില്‍ ഇസിലിനൊപ്പം ചേരാന്‍ പുറപ്പെട്ട നിരവധി പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഫ്രാന്‍സും ഇത്തരക്കാര്‍ക്കുനേരെ യാത്രാനിരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിദേശ പോരാളികള്‍ ഇസിലിനൊപ്പം ചേരുന്നതിനെതിരെ യു എന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇറാഖിലും സിറിയയിലുമായി 20,000 മുതല്‍ 31,500 വരെ ഇസില്‍ പോരാളികളുണ്ടെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വിദേശ പോരാളികളില്‍ 2000 പേര്‍ പാശ്ചാത്യരാണെന്നും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്.

Latest