Connect with us

Articles

ടുണീഷ്യയില്‍ അന്നഹ്ദ തോല്‍ക്കുന്നത് എന്തുകൊണ്ട്?

Published

|

Last Updated

അറബ് വസന്തമെന്നും മുല്ലപ്പൂ വിപ്ലവമെന്നും ആഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്ക് തുടക്കം കുറിച്ച രാജ്യമെന്ന നിലയില്‍ ടുണീഷ്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനും രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പാശ്ചാത്യ മൂല്യ ബോധത്തില്‍ അധിഷ്ഠിതമായ തീവ്രസെക്യുലറിസത്തിന്റെയും രാഷ്ട്രീയ ഇസ്‌ലാമെന്ന് സ്വയം അവകാശപ്പെടുന്നവരുടെ അപ്രായോഗിക മതവത്കരണത്തിന്റെയും സൂഫി ധാരയുടെയും ഇടതുപക്ഷ ചിന്താമണ്ഡലത്തിന്റെയും സങ്കലിത സമൂഹമെന്ന നിലയിലും ടുണീഷ്യക്ക് വലിയ പ്രാധാന്യം കൈവരുന്നു. സ്വയം നിര്‍ണയാവകാശത്തിന്റെ സാധ്യതകളെ ശക്തമായ നിലയില്‍ ഉപയോഗിച്ചു കൊണ്ടാണ് ടൂണീഷ്യന്‍ ജനത മേഖലയെയാകെ മാറ്റിമറിച്ച കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമായത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണത്തെ വലിച്ച് താഴെയിട്ട പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത് മുഹമ്മദ് ബൗസിസ് എന്ന ഉന്തുവണ്ടി കച്ചവടക്കാരന്റെ രക്തസാക്ഷിത്വത്തില്‍ നിന്നായിരുന്നുവല്ലോ. മുഹമ്മദ് അഭ്യസ്ത വിദ്യനായിരുന്നു. പക്ഷേ, പഠിപ്പിനൊത്ത പണിയില്ല. എന്നാല്‍ പിന്നെ ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ കയറ്റി തെരുവില്‍ വില്‍ക്കാമെന്ന് വെച്ചു. അപ്പോള്‍ തൊഴില്‍ കാര്‍ഡ് എവിടെയെന്നായി പോലീസ്. തൊഴില്‍ കാര്‍ഡോ ലൈസന്‍സോ ഇല്ലാത്ത മുഹമ്മദ് കുറ്റവാളിയെപ്പോലെ പോലീസിന് മുമ്പില്‍ നിന്നു. വനിതാ പോലീസ് അടക്കമുള്ളവര്‍ അവനെ പരസ്യമായി മര്‍ദിച്ചു. സ്വയം തീകൊളുത്തിയാണ് അവന്‍ പ്രതിഷേധിച്ചത്. മുഹമ്മദ് അവിടെ ഒടുങ്ങിയില്ല. അവന്‍ പടര്‍ത്തിയ തീ ടുണീഷ്യയിലാകെയും ഈജിപ്തടക്കമുള്ള മറ്റ് ജനപഥങ്ങളിലേക്കും പടര്‍ന്നു.
ഓരോയിടത്തും അതതിടങ്ങളിലെ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഊര്‍ജം സ്വീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടത്. അതുകൊണ്ടാണ് ഈ അറബ് ഭരണ മാറ്റ പരമ്പരകളെ മുല്ലപ്പൂ വിപ്ലവമെന്ന ഒറ്റ തലക്കെട്ടിന് താഴെ ആഘോഷിക്കാന്‍ പാടില്ലെന്ന് പറയുന്നത്. സമാനതകളേക്കാളേറെ വൈജാത്യങ്ങളായിരുന്നു ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഇവിടങ്ങളിലെല്ലാം പൊതുവായി സംഭവിച്ച കാര്യം വിപ്ലവാനന്തരം രാഷ്ട്രീയ അധികാരം കീഴടക്കിയത് ഇസ്‌ലാമിസ്റ്റ് സംഘടനകളായിരുന്നു എന്നതാണ്. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സംജാതമായ അധികാര ശൂന്യതയിലേക്ക് ഇക്കൂട്ടര്‍ കയറി നില്‍ക്കുകയായിരുന്നു. സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കേഡര്‍ സ്വഭാവമുള്ള ഈ ഗ്രൂപ്പുകള്‍ ആത്യന്തികമായി പാരമ്പര്യ നിഷേധികളും മതപരിഷ്‌കരണ വാദികളും തീവ്രവാദ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവരും ആയിട്ടും സംഘടനാ ശേഷിയുടെ പിന്‍ബലത്തില്‍ അധികാരത്തിലേക്ക് നീങ്ങിയിരിക്കാന്‍ അവര്‍ക്ക് സാധിച്ചു. തെരുവില്‍ നടന്ന പ്രക്ഷോഭത്തിന് രാഷ്ട്രീയ ധാരണകളോ ഭാവിയെക്കുറിച്ചുള്ള തീര്‍പ്പുകളോ ഉണ്ടായിരുന്നില്ല. നിലവിലുള്ളതിനെ തകര്‍ത്തെറിയണമെന്നേ അതിവൈകാരികമായ ഈ പ്രതികരണങ്ങള്‍ ലക്ഷ്യമിട്ടിരുന്നുള്ളൂ. നിരവധി ഗ്രൂപ്പുകളുടെ സമ്മേളനത്തില്‍ ഭരണമാറ്റം സാധ്യമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ ഈജിപ്തില്‍ ബ്രദര്‍ഹുഡും ടുണീഷ്യയില്‍ അന്നഹ്ദയും പ്രക്ഷോഭത്തിന്റെ മുന്‍നിര കീഴടക്കുകയായിരുന്നു. സ്വാഭാവികമായും അവരുടെ കൈയില്‍ അധികാരം വന്നെത്തി. ഒടുവിലിപ്പോള്‍ ഇങ്ങനെ വന്നുകിട്ടിയ അധികാരം സ്വയം നിര്‍ണയാവകാശം കൈവന്ന ജനങ്ങള്‍ ഇസ്‌ലാമിസ്റ്റുകളില്‍ നിന്ന് തിരിച്ചെടുത്തിരിക്കുകയാണ്. ടുണീഷ്യയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പും അതില്‍ അന്നഹ്ദക്കേറ്റ തിരിച്ചടിയും പ്രത്യേക വിശകലനത്തിന് വിധേയമാക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.
രണ്ട് കാര്യങ്ങളാണ് തിരഞ്ഞെടുപ്പിന് മുമ്പ് കാര്യമായി പ്രവചിക്കപ്പെട്ടത്. വോട്ടിംഗിനോട് ജനങ്ങള്‍ക്ക് തണുത്ത പ്രതികരണമായിരിക്കും ഉണ്ടാകുകയെന്നതായിരുന്നു ഒന്ന്. അതിന് കാരണമായി പറയപ്പെട്ടത് ടുണീഷ്യയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും ക്രമസമാധാന പ്രശ്‌നങ്ങളും തന്നെയാണ്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ബിന്‍ അലി ഭരണകൂടത്തെ താഴെയിറക്കി ജനായത്തം തിരിച്ചുപിടിച്ചതെന്നും എന്നാല്‍, കടുത്ത ഇച്ഛാഭംഗത്തിലാണ് അവരെന്നും ജനാധിപത്യ സംവിധാനത്തില്‍ തന്നെ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിശകലനക്കാര്‍ പറഞ്ഞുവെച്ചു. എന്നാല്‍, ഈ വിശകലനങ്ങളെ മുഴുവന്‍ അപ്രസക്തമാക്കി അറുപത് ശതമാനത്തിലേറെ പേര്‍ പോളിംഗ് ബൂത്തുകളില്‍ എത്തി ആവേശപൂര്‍വം വോട്ട് രേഖപ്പെടുത്തി.
റാശിദ് ഗന്നൗശി നേതൃത്വം നല്‍കുന്ന അന്നഹ്ദ വന്‍ വിജയം നേടുമെന്നതായിരുന്നു രണ്ടാമത്തെ പ്രവചനം. അതിനും കാരണങ്ങള്‍ നിരന്നു. വിപ്ലവാനന്തരം രാജ്യത്തെ നയിച്ചത് അവരാണ്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അധികാരശൂന്യത നികത്തിയവരാണ് അവര്‍. പുതിയ ഭരണഘടന രൂപവത്കരിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ എതിരാളികളായ നിദാ ടുണിസുമായി സഹകരിച്ച് ഐക്യ സര്‍ക്കാറിന് തയ്യാറായി രാഷ്ട്രീയ ഉള്‍ക്കൊള്ളല്‍ ശേഷി പ്രകടിപ്പിച്ചവരാണ് അവര്‍. ഇങ്ങനെ പോകുന്നു അന്നഹ്ദക്കായി ഉയര്‍ന്ന ന്യായീകരണങ്ങള്‍. എന്നാല്‍, ഫലം വന്നപ്പോള്‍ ഈ ന്യായീകരണങ്ങള്‍ എല്ലാം അപ്രസക്തമായിരിക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അന്നഹ്ദ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2012ല്‍ മാത്രം രൂപവത്കരിക്കപ്പെട്ട, സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുമായി പല നിലയില്‍ ബന്ധം ആരോപിക്കാവുന്ന നിദാ ടുണിസ് 85 സീറ്റുകള്‍ നേടി അധികാരം പിടിച്ചു. അന്നഹ്ദയെ 69 സീറ്റിലേക്ക് ഒതുക്കാനായിരുന്നു ജനവിധി. വിപ്ലവാനന്തരം ഭരണത്തിലേറിയ കക്ഷിയെന്ന നിലയില്‍ അന്നഹ്ദയില്‍ നിന്ന് ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അവ സഫലമാക്കാന്‍ സാധിച്ചില്ലെന്നും അന്നഹ്ദ ശൂറാ അംഗം അഹ്മദ് ഗാലൂല്‍ കുറ്റസമ്മതം നടത്തി. തോല്‍വി അംഗീകരിക്കുന്നുവെന്നും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പാര്‍ട്ടി തുടര്‍ന്നും ശക്തമായ സാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചു കളഞ്ഞുവെന്ന് പരാതിപ്പെടുന്ന അന്നഹ്ദക്ക് ഈജിപ്തിലെ ബ്രദര്‍ഹുഡിനെപ്പോലെ സംഭവിച്ച ആദ്യത്തെ തെറ്റ് വിപ്ലവത്തെ വ്യാഖ്യാനിച്ചിടത്ത് തന്നെയാണ്. നിലവിലുള്ള ഭരണകൂടത്തെ ജനകീയ മുന്നേറ്റത്തിലൂടെ തകര്‍ത്തെറിഞ്ഞുവെന്നത് ശരിതന്നെയാണ്. പക്ഷേ അത് ഇസ്‌ലാമിസ്റ്റുകളുടെ ആശയ പിന്‍ബലത്തിലോ ആള്‍ബലത്തിലോ സാധ്യമായതല്ല. തങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ശരിയെന്ന് തെളിഞ്ഞതിന്റെ ഒറ്റപ്പേരാണ് മുല്ലപ്പൂവെന്ന ഇസ്‌ലാമിസ്റ്റുകളുടെ വാദം ശുദ്ധ അസംബന്ധമാണ്. ടുണീഷ്യയിലായാലും ഈജിപ്തിലായാലും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായ മനുഷ്യരാണ് തെരുവില്‍ പ്രക്ഷോഭത്തീ പടര്‍ത്തിയത്. അവര്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ അജന്‍ഡകള്‍ ഉണ്ടായിരുന്നില്ല. ആര് ഭരിക്കണമെന്ന ധാരണയും അവര്‍ക്കുണ്ടായിരുന്നില്ല. ഈ ധാരണയില്ലായ്മയുടെ പഴുതില്‍ ലഭിച്ച അധികാരമുപയോഗിച്ച് വിപ്ലവകാരികളുടെ യഥാര്‍ഥ അഭിവാഞ്ചകള്‍ സഫലമാക്കാനായി അന്നഹ്ദയോ ഇഖ്‌വാനികളോ യാതൊന്നും ചെയ്തില്ല. തെരുവിലിറങ്ങിയവരുടെ അടിസ്ഥാന വേവലാതികള്‍ സാമ്പത്തികമായിരുന്നു. നവലിബറല്‍ സാമ്പത്തിക നയം വരുത്തിവെച്ച തൊഴില്‍ പ്രതിസന്ധിയായിരുന്നല്ലോ ടുണീഷ്യയില്‍ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സ്വന്തം വിഭവങ്ങള്‍ മുഴുവന്‍ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭേച്ഛക്ക് വിട്ടു കൊടുത്ത്, അവര്‍ക്കായി ഉദാരവത്കരിച്ച്, അവര്‍ക്ക് വേണ്ടി സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിച്ച്, അവരുടെ സംരക്ഷണയില്‍ ഭരണത്തില്‍ കടിച്ചു തൂങ്ങിയ ബിന്‍ അലിമാരെയാണ് ജനം വലിച്ച് താഴെയിട്ടത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതുത്പാദിപ്പിക്കുന്ന ചങ്ങാത്തങ്ങള്‍ക്കുമെതിരെയായിരുന്നു തഹ്‌രീര്‍ ആര്‍ത്തിരമ്പിയത്. എന്നിട്ടോ? ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി ഉത്തരവാദിത്വം നിര്‍വഹിക്കാതെ വന്നപ്പോള്‍ ജനകീയ പ്രക്ഷോഭത്തിലൂടെ അദ്ദേഹത്തെ താഴെയിറക്കി. ഇപ്പോള്‍ പട്ടാള മേധാവിയാണ് ഭരിക്കുന്നത്. ഇതാണ് വിപ്ലവത്തിന്റെ രാഷ്ട്രീയ പങ്കുപറ്റുന്നവര്‍ ഉത്തരവാദിത്വ പൂര്‍വം പെരുമാറിയില്ലെങ്കില്‍ പ്രതിവിപ്ലവത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് പറയുന്നത്.
ടുണീഷ്യയില്‍ വിപ്ലവാന്തരം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഭരണം കൈവന്നപ്പോള്‍ അന്നഹ്ദ ചെയ്യേണ്ടിയിരുന്നത് സാമ്പത്തിക രംഗത്ത് സമൂലമായ പരിഷ്‌കരണം വരുത്തുകയായിരുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും പരാശ്രയത്വവും ഒരു പരിധി വരെയെങ്കിലും പരിഹരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിധി. പകരം രാജ്യത്തിന്റെ പേരില്‍ മാറ്റം വരുത്തുക പോലുള്ള പ്രത്യയശാസ്ത്ര ചെപ്പടി വിദ്യകളാണ് അവര്‍ നടത്തിയത്. ഇസ്‌ലാമിന്റെ ഉള്ളടക്കം ഒരു തരത്തിലും മുന്‍ഗണനകളിലേക്ക് കടന്നു വന്നുമില്ല. ഇടതുപക്ഷക്കാര്‍ക്കും മതേതര തീവ്രവാദികള്‍ക്കും പാശ്ചാത്യ മാധ്യമങ്ങള്‍ക്കും ഒരുമിച്ചെതിര്‍ക്കാനുള്ള അവസരം നല്‍കിയ എടുത്തുചാട്ടങ്ങളല്ലാതെ ഈ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി നയപരമായ ഒരു ധീരതക്കും തയ്യാറായില്ല. ഐ എം എഫ് തന്നെയായിരുന്നു അവരുടെ ആശ്രയം. ബിക്കിനി ടൂറിസം തന്നെയായിരുന്നു അവരുടെ വരുമാന സ്രോതസ്സ്. കമ്പോള സാമ്പത്തിക ക്രമത്തില്‍ തന്നെയാണ് അവര്‍ വിശ്വസിച്ചത്. അതുകൊണ്ട് 2014ല്‍ ജനങ്ങള്‍ ബൂത്തില്‍ ചെല്ലുമ്പോഴും തൊഴിലില്ലായ്മയും സാമ്പകത്തിക പ്രശ്‌നങ്ങളും രൂക്ഷമായി തുടര്‍ന്നു. അന്നഹ്ദയെ അവര്‍ തഴഞ്ഞു.
2011ല്‍ കാവല്‍ പ്രധാനമന്ത്രിയായിരുന്ന അല്‍ ബാജി ഖാഇദ് അസ്സബ്‌സിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നിദാ ടുണിസിന്റെ നേതാവ്. 87കാരനായ അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായ ഹബീബ് ബോര്‍ഗിബയുടെ മന്ത്രിസഭയില്‍ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കീഴില്‍ സ്പീക്കറായിരുന്നു. ബിന്‍ അലിയുടെ ഭരണരീതിയുടെ ആവര്‍ത്തനമായിരിക്കും അസ്സബ്‌സി കൊണ്ടു വരികയെന്ന ആശങ്ക അന്തരീക്ഷത്തില്‍ നിലനിന്നിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടി കൂടുതല്‍ വോട്ട് നേടിയെന്നത് അന്നഹ്ദയോടുള്ള ജനങ്ങളുടെ ഇച്ഛാഭംഗത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നു. സത്യത്തില്‍ കൂടുതല്‍ പാശ്ചാത്യവാദിയും കൂടുതല്‍ കമ്പോളവാദിയുമാണ് ഇടതു മേലങ്കിയണിഞ്ഞ അസ്സബ്‌സി. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കീഴിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഇന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ താക്കോല്‍ സ്ഥാനങ്ങളിലുണ്ട്.
നിദാ ടുണിസിന് ഇന്നത്തെ നിലയില്‍ ഒറ്റക്ക് ഭരിക്കാനാകില്ല. ഐക്യ സര്‍ക്കാറിന് തന്നെയാണ് സാധ്യതയുള്ളത്. അതില്‍ ചേരുകയെന്ന രാഷ്ട്രീയ യുക്തിയാണ് അന്നഹ്ദക്ക് മുമ്പിലുള്ളത്. ജനാധിപത്യത്തിന്റെ വഴിയില്‍ ഉറച്ച് നില്‍ക്കുന്ന ടുണീഷ്യ ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതായിരിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്