ട്രെയിനില്‍ തീകൊളുത്തി കൊല: പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

Posted on: November 2, 2014 12:14 am | Last updated: November 2, 2014 at 11:17 am

trainകണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു.
വ്യാഴാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് തേനി സ്വദേശി സുരേഷ് എന്ന കണ്ണനില്‍ (25) നിന്നാണ് തെളിവെടുത്തത്. റെയില്‍വേ പോലീസ് ഡി വൈ എസ് പി. ഒ കെ ശ്രീരാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്.
രാവിലെ 9.30ഓടെ കണ്ണൂരിലെത്തിച്ച പ്രതിയെ കാണാന്‍ ആരെയും അനുവദിച്ചില്ല. മുഖം മൂടി ധരിപ്പിച്ച് വൈകിട്ടോടെ തെളിവെടുപ്പിനായി പൂറത്തെത്തിച്ച പ്രതിയെ വിശ്രമമുറിയുടെ കാവല്‍ക്കാരന്‍ ഗോവിന്ദന്‍ തിരിച്ചറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് റെയില്‍വേ പോലീസ് രേഖപ്പെടുത്തി. വൈകീട്ടോടെ ഇയാളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തൂ.
കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ പശ്ചാത്തലം പ്രതി പോലീസിനോടു വെളിപ്പെടുത്തി. സ്ത്രീയെ തീകൊളുത്തിയ ശേഷം ഓടിമറിഞ്ഞ വഴിയും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. ഒക്‌ടോബര്‍ 20നു പുലര്‍ച്ചെ 4.40ഓടെ കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്വിമ (42) എന്ന പാത്തു കൊല്ലപ്പെട്ടത്. സംഭവ ദിവസം ഫാത്വിമക്കൊപ്പം കണ്ടയാളെക്കുറിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രം പരിശോധിച്ചാണ് പ്രതിയെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. സംഭവ ദിവസം മാഹിയില്‍ പോയി തിരിച്ചുവരികയായിരുന്ന ഇരുവരും മദ്യലഹരിയിലായിരുന്നു. യുവാവ് മംഗലാപുരത്തേക്കു പോകണമെന്ന് ഫാത്വിമയോട് നിര്‍ബന്ധം പിടിച്ചെങ്കിലും അവര്‍ നിരാകരിച്ചു. കണ്ണൂരിലിറങ്ങിയ സ്ത്രീ കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറി.
പ്രകോപിതനായ യുവാവ് അടുത്തുള്ള പമ്പില്‍ കയറി പെട്രോള്‍ വാങ്ങി ഫാത്വിമയുടെ ശരീരത്തിലൊഴിച്ച് കടലാസില്‍ തീ കൊളുത്തി ട്രെയിനിനുള്ളിലേക്കെറിയുകയായിരുന്നു. പിന്നീട് ഞാനൊരാളെ തീ കൊളുത്തിയിട്ടുണ്ടെന്നും നാളെ പത്രത്തില്‍ വായിക്കാമെന്നും പറഞ്ഞ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ഓടിപ്പോകുകയായിരുന്നത്രെ. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ കൂലിവേലയും കോണ്‍ക്രീറ്റ് പണിയും ചെയ്ത് കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.