Connect with us

Gulf

മലയാളമേ നന്ദി, കൈപിടിച്ചാനയിച്ചതിന്

Published

|

Last Updated

ഇന്ന് (നവം ഒന്ന്) മലയാള ദിനം കൂടിയാണ്. മൂന്നരക്കോടിയോളം ജനങ്ങള്‍ ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഭാഷയുടെ ഓര്‍മപ്പെരുന്നാള്‍. 1956ല്‍ കേരളം നിലവില്‍ വന്ന ദിനം.
ലോകത്തിന്റെ ഒരു കോണില്‍, കടലിനും സഹ്യസാനുവിനും ഇടയില്‍ ഒരു പറ്റം ആളുകളുടെ സംസ്‌കാരത്തെ വാക്കുകളിലൂടെ ആവിഷ്‌കരിച്ച, കൃതികളിലൂടെ വളര്‍ത്തിയ, അതിര്‍ത്തികള്‍ ഭേദിച്ച ആശയ വിനിമയോപാധിയാണ് മലയാളം. അത്, മലയാളികളുടെ അഭിമാനബോധത്തെ ജ്വലിപ്പിക്കുന്നുമുണ്ട്. പക്ഷേ, കുറച്ചുപേര്‍, മാതാവിനെ ഉപേക്ഷിക്കുന്നതുപോലെ, ഭാഷയെ കൈയൊഴിഞ്ഞു. അവര്‍ ഇന്ന് നിരാശരാണ്. മലയാളം അറിയില്ലായെന്നത് അല്‍പകാലം മുമ്പുവരെ, കാലത്തിന്റെ ഒരു ഇടവേളയില്‍, അന്തസായിരുന്നെങ്കില്‍ ഇന്ന് നഷ്ടബോധമാണ്. കടല്‍ കടന്നും മലയാളം പലയിടത്തും തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളികളല്ലാത്തവര്‍ ആദരവോടെ അതിനെ നോക്കിക്കാണുന്നു. ഉദാഹരണം യു എ ഇ. ഈ കൊച്ചു രാജ്യത്ത്, എട്ടു ലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യക്കാരില്‍ ഭൂരിപക്ഷം. മറ്റു സംസ്ഥാനക്കാര്‍ എല്ലാവരും ചേര്‍ന്നാലും എണ്ണത്തിലും ഗുണത്തിലും “മലബാരി”യോളം വരില്ല. അതിനപ്പുറം, വിസ്മയിപ്പിക്കുന്ന പലതുമുണ്ട്.
200 ഓളം ദേശക്കാരുള്ള യു എ ഇയില്‍ മലയാളത്തിന്റെ ശബ്ദം എല്ലാ ഭാഷക്കും മുകളില്‍ നില്‍ക്കുന്നു. സിറാജ് അടക്കം അഞ്ചു പത്രങ്ങള്‍ ദിവസവും ഇവിടെ അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്നു. നിരവധി റേഡിയോകള്‍ മലയാളത്തിന്റെ സ്വരമാധുര്യം കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നു. മിക്ക മലയാളം ടെലിവിഷന്‍ ചാനലുകള്‍ക്ക് ദുബൈയില്‍ ഓഫീസുണ്ട്.
മലയാളികളുടെ അതിജീവനത്വരയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ശൈഖ് മുഹമ്മദ് ഇതെക്കുറിച്ച് ഒട്ടൊരു അദ്ഭുത്തോടെ ചോദിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍ കാണാനാകും. അതെ, വിദ്യാഭ്യാസ പുരോഗതിയും ആത്മാര്‍പ്പണവുമാണ് കാതല്‍. അവ നേടിയത് മലയാളത്തിലൂടെ. മലയാളം പഠിച്ചില്ലെങ്കിലും വേണ്ടില്ല, ഇംഗ്ലീഷ് അറിഞ്ഞാല്‍ ജീവിതോപാധി ഉറപ്പാണെന്നത് മിഥ്യാധാരണയാണെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു.
മാതൃഭാഷയിലൂടെ ഊറിക്കൂടിയ സംസ്‌കാരമാണ് മലയാളിയെ കരുത്തനാക്കിയത്. കഠിനാധ്വാനത്തിന്റെയും മര്യാദയുടെയും വിനയത്തിന്റെയും മഹത്വം മാതൃഭാഷയിലൂടെ ലഭിച്ചു. ജീവിതോപാധിക്ക് അതായിരുന്നു അത്യന്താപേക്ഷിതം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമായിരുന്നില്ല. മലയാളം പഠിച്ചവന്, സംസാരിക്കുന്നവന് ഏത് ഭാഷയും വഴങ്ങുമെന്ന് അനേകം ദേശക്കാര്‍ വന്നും പോയിരിക്കുന്ന ദുബൈയിലെ മുര്‍ശിദ് ബസാര്‍ കാണിച്ചുതരുന്നു. റഷ്യനും ചൈനീസും അറബിയും അനായാസേന സംസാരിക്കാന്‍ കഴിയുന്നത് മലയാളിക്കാണ്. മലയാളം ഉച്ചരിക്കുന്നവന് ഏത് ഭാഷയ്ക്കുമായി നാവ് വളയും. ഭാഷാ ഭ്രാന്തില്ലാത്തതിനാല്‍ ഏത് വാമൊഴിയെയും കൗതുകത്തോടെ പഠിക്കും. അതിലൂടെ ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലൂടെ സഞ്ചരിക്കും.
ഗള്‍ഫിലെ ബാച്ചിലര്‍ മുറികളില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നിരവധി വകഭേദങ്ങളുടെ മേളനം കാണാം. മംഗലത്തിന് പോയിന് എന്ന് കാസര്‍കോട്ടുകാരന്‍ പറയുമ്പോള്‍ ആര്‌ടെ കല്യാണം എന്ന് തിരുവനന്തപുരത്തുകാരന്‍. ഒരേ നാട്ടിലെ തന്നെ വ്യത്യസ്ത വാമൊഴികള്‍ കേട്ടാല്‍ മറ്റുദേശക്കാര്‍ അന്തംവിടും. എന്നാലും മലയാളിയെ സാംസ്‌കാരികമായി ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നത് അനേകം വകഭേദങ്ങളുള്ള മലയാളം.
ഇനി, ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് ഏറെ ദിവസങ്ങളില്ല. 59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകരും 210 ഭാഷകളിലായി 14 ലക്ഷം കൃതികളുമെത്തുന്നു. പ്രഭാഷണത്തിനും പുസ്തകങ്ങള്‍ അവതരിപ്പിക്കാനും മറ്റുമായി കലാസാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്ന് എണ്ണമറ്റ പ്രമുഖര്‍. ഇവിടെയും മലയാളത്തിന്റെ സൗന്ദര്യം വേറിട്ട് അനുഭവപ്പെടും.
സേതു, എം പി വീരേന്ദ്രകുമാര്‍, സുഗതകുമാരി, കെ ജി ശങ്കരപ്പിള്ള, വി മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, സയിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കൂരീപ്പുഴ ശ്രീകുമാര്‍, പ്രഭാവര്‍മ, കെ ആര്‍ മീര, ആലങ്കോട് ലീലാ കൃഷ്ണന്‍, പി സുരേന്ദ്രന്‍, വാണിദാസ് എളയാവൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തുന്നു.
ഇത്രയധികം സാംസ്‌കാരിക നായകര്‍ മറ്റൊരു ഭാഷയില്‍ നിന്നില്ല. സിറാജ്, ഡി സി ബുക്‌സ്, മാതൃഭൂമി, ഗ്രീന്‍ബുക്‌സ്, കൈരളി ബുക്‌സ്, ലിപി തുടങ്ങി മലയാളം പുസ്തകങ്ങള്‍ക്കായി വിശാലമായ ലോകം തുറന്നിട്ട് അനേകം പ്രസാധകര്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി പ്രസാധകരാണ് ഇത്തവണ എത്തുന്നത്. മലയാളം പുസ്തകങ്ങള്‍ ലക്ഷക്കണക്കിനാണ് വിറ്റുപോകുന്നത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പുസ്തകമേളയില്‍ മലയാളിയായ മോഹന്‍ കുമാര്‍ നിര്‍ണായക പങ്കുവഹിക്കുന്നു. എക്‌സ്റ്റേണല്‍ അഫയേര്‍സ് എക്‌സിക്യൂട്ടീവ് തസ്തികയാണ് അദ്ദേഹത്തിന്. 33 വര്‍ഷം മുമ്പ് ഷാര്‍ജ പുസ്തകമേള തുടങ്ങുമ്പോള്‍ മോഹന്‍കുമാര്‍ അമരക്കാരില്‍ ഒരാളായി ഉണ്ടായിരുന്നു. ഇപ്പോഴും തുടരുന്നു.
മലയാളത്തിന്റെ പുറമ്പോക്കില്‍ നില്‍ക്കേണ്ടിവന്നിരുന്ന ഗള്‍ഫനുഭവം വൈവിധ്യമാര്‍ന്ന പുസ്തകങ്ങളിലൂടെ മുന്‍നിരയിലെത്തിയെന്നതാണ് മറ്റൊരു അഭിമാനം. അനുഭവങ്ങളുടെ പുതിയ സമതലങ്ങളും മരുഭൂമിയും ഹരിതാഭയും കണ്ട ഗള്‍ഫിലെ എഴുത്തുകാര്‍ അവയെ ഭയരഹിതമായി അവ ആവിഷ്‌കരിച്ചപ്പോള്‍ സ്വീകരിക്കാന്‍ വായനക്കാര്‍ ഏറെ. ഇത്തവണ യു എ ഇയിലെ 20 ഓളം മലയാളീ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. സുറാബ്, ഇ എം അശ്‌റഫ്, പി പി ശശീന്ദ്രന്‍, സത്യന്‍മാടാക്കര, സാദിഖ് കാവില്‍, അശ്‌റഫ് പേങ്ങാട്ടയില്‍, ഒ എം അബൂബക്കര്‍, ഷാബു കിളിത്തട്ടില്‍, ബഷീര്‍ തിക്കോടി, അസ്‌മോ പുത്തന്‍ചിറ, മമ്മൂട്ടി കട്ടയാട് തുടങ്ങിയവര്‍ മേളയെ സമ്പന്നമാക്കും.
സാദിഖ് കാവിലിന്റെ ഔട്ട്പാസും സുറാബിന്റെ പത്തേമാരിയും ബെന്യാമിന്റെ ആടുജീവിതത്തിനു ശേഷം പ്രവാസ അനുഭവങ്ങളെ തീവ്രമായി അടയാളപ്പെടുത്തുന്ന നോവലുകള്‍ എന്ന വിലയിരുത്തല്‍ ഇതിനകം ഉണ്ടായിരിക്കുന്നു. ഗള്‍ഫിന്റെ നേരനുഭവങ്ങള്‍ കുറിപ്പുകളിലാക്കിയ മണല്‍ ഘടികാരം (അശ്‌റഫ് പേങ്ങാട്ടയില്‍) നവീനമായ ഉള്‍കാഴ്ചയാണ് വായനക്കാര്‍ക്ക് നല്‍കുന്നത്. നിരൂപകരുടെയും പത്രാധിപന്മാരുടെയും സാമീപ്യമില്ലാത്തത് കൊണ്ടാകാം, നാട്ടിലെ എഴുത്തുകാര്‍ക്ക് കിട്ടുന്ന ശ്രദ്ധ ഗള്‍ഫിലുള്ളവര്‍ക്ക് കിട്ടാത്തത്. എന്നാലും കാലത്തെ അതിജീവിക്കാന്‍ കെല്‍പുള്ള പുസ്തകങ്ങള്‍ കുറച്ചെങ്കിലും ഉണ്ടെന്നത് മറച്ചുപിടിക്കപ്പെട്ട യാഥാര്‍ഥ്യം.
എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി തുടങ്ങി ഉന്നത ശീര്‍ഷരായ പലരും മുന്‍കാലങ്ങളില്‍ ഷാര്‍ജ, അബുദാബി പുസ്തകോത്സവങ്ങളില്‍ എത്തിപ്പെട്ടു. അവരെ കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. കേരളത്തില്‍പോലും ഇത്തരം കാഴ്ച അപൂര്‍വം. ഗള്‍ഫിലുള്ളവര്‍ മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നതാണ് കാരണം. ഭൂതകാലത്തിന്റെ നന്മയെ ഉപേക്ഷിക്കാന്‍ ഗള്‍ഫ് മലയാളിതയ്യാറല്ല. പഴഞ്ചന്‍ സമീപനമാണെങ്കിലും ഗൃഹാതുരതയാണ് ഗള്‍ഫ് മലയാളിയുടെ അനുഭൂതി മണ്ഡലം. ഭാഷയുടെ ചിറകിലേറിയാണ് അവന്‍ ഭാവനയുടെ അതിവിശാലലോകം കാണുന്നത്. ഏത് ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും മാതൃഭാഷയുടെ നഷ്ട സ്മൃതിയില്‍ ഗള്‍ഫ് മലയാളി അഭിരമിക്കുന്നു. അങ്ങിനെ, കെട്ടകാലത്തിന്റെ ഇരുട്ടറകളിലൊന്നില്‍ പ്രതീക്ഷയുടെ പൊന്‍തിരികത്തുകയാണ്. എന്റെ ഭാഷ ഗള്‍ഫ് മലയാളികളിലൂടെ അപൂര്‍വ ശോഭയിലേക്ക് ചിറകുകള്‍ വിടര്‍ത്തുകയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്