Connect with us

Wayanad

മദ്യവിരുദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും: ലഹരി വിരുദ്ധ സംയുക്ത സമിതി

Published

|

Last Updated

കല്‍പ്പറ്റ: ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി മദ്യവിരുദ്ധ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ലഹരിവിരുദ്ധ സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാറുകള്‍ സമയബന്ധിതമായി അടച്ചുപൂട്ടാനും മദ്യശാലകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും തീരുമാനിച്ച സര്‍ക്കാരിനെയും അതിന് മുന്‍കൈ എടുത്ത ആളുകളേയും മദ്യ വിരുദ്ധ സംയുക്ത സമിതി അഭിനന്ദിച്ചു. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകരുത്. ആദിവാസികളുടെ വംശനാശത്തിന് കാരണമാകുന്ന വയനാട്ടിലെ മദ്യശാലകള്‍ എത്രയും വേഗം അടച്ചുപൂട്ടണം. ബാറുകളില്‍ ബിയര്‍ പോലുള്ള മദ്യം വില്‍ക്കാന്‍ അനുവദിക്കണമെന്ന മദ്യലോബികളുടെ ആവശ്യം മദ്യനയത്തെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ്. മദ്യനിരോധനം സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുമെന്ന പ്രചാരണം മദ്യലോബിയുടെ വ്യാജസൃഷ്ടിയാണ്. മദ്യശാലക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള പഞ്ചായത്തിന്റെ അധികാരം എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കണം. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ജനജാഗ്രതസമിതികളോട് സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മദ്യരഹിത സമൂഹ സൃഷ്ടി എളുപ്പത്തില്‍ സാധ്യമാക്കാം. വിദേശ മദ്യശാലകളില്‍ നിന്ന് കൂടുതലായി മദ്യം നല്‍കുന്നത് നിര്‍ത്തലാക്കിയാല്‍ അനധികൃത മദ്യവില്‍പന തടയാന്‍ കഴിയും. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ കുറവ് വരുത്തണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്‌സൈസും പോലീസും സംയുക്ത ലഹരി വിരുദ്ധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. മദ്യ നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പുതിയ വകുപ്പിന് രൂപം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടും. ലഹരി വിരുദ്ധ സംയുക്ത സമിതി ചെയര്‍മാന്‍ ഫാ. മാത്യു കാട്ടറത്ത്, കണ്‍വീനര്‍ ജെയ്‌മോന്‍ ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ എന്‍. മണിയപ്പന്‍, എം.പി. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest