ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്; ക്ഷീണം വരുത്തുന്നുവെന്ന് സി പി എം വിമര്‍ശം

Posted on: November 1, 2014 12:34 pm | Last updated: November 1, 2014 at 12:33 pm

cpmനിലമ്പൂര്‍: 30 വര്‍ഷം സി പി എം ഭരിച്ച ബംഗാളില്‍ നിന്ന് 300 ഉം 500 ഉം രൂപക്ക് ജോലിചെയ്യാന്‍ ആളുകള്‍ കേരളത്തിലേക്ക് വരുന്നത് സി പി എമിന് ക്ഷീണം വരത്തുന്നതായി പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിലയിരുത്തല്‍. ബംഗാള്‍ ഘടകത്തിന്റെ വീഴ്ചയായി വ്യാഖ്യാനിക്കാമെങ്കിലും പാര്‍ട്ടിയുടെ നയ നിലപാടുകളിലെ പോരായ്മകയായാണ് ജനം വിലയിരുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇത്രമാത്രം കുടിയേറ്റം ഉണ്ടാകുന്നില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി ഇപ്പോഴും വളരെ പിറകിലാണെന്ന വിമര്‍ശനവുംഇത് പരിഹരിക്കാന്‍ ശക്തമായ നിലപാടുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നുമാണ് ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം. പാര്‍ട്ടിപഴയ രീതിയിലുള്ള ഇടപെടലുകളും മാറേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. ചില ബ്രാഞ്ച് സമ്മേളനങ്ങളില്‍ ടി പി വധം വലിയ ചര്‍ച്ചയായില്ലെങ്കിലും കതിരൂര്‍ മനോജ് വധം എന്തിനെന്ന ചോദ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. വി എസിനെ നിയന്ത്രിച്ചത് പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണെന്ന് അഭിപ്രായവും ശക്തമാണ്. കഴിഞ്ഞ ആറുവര്‍ഷമായി പാര്‍ട്ടി മുഖപത്രങ്ങളിലൂടെ വി എസിന്റെ ലേഖനങ്ങള്‍ കാര്യമായി പുറത്തുവരുന്നില്ലെന്നും വിമര്‍ശനമുണ്ട്. ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് മാറ്റവും സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയതും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ക്കെത്തുന്നുണ്ട്. പാര്‍ട്ടി സമരങ്ങള്‍ പാതി വഴിയില്‍ നിലക്കുന്നതും ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കാത്തതും ചര്‍ച്ചക്കിടയാക്കുന്നുണ്ട്.