ചെങ്കോട്- ചാഴിയോട് റോഡ് ചെളിമയം; നവീകരിക്കാന്‍ നടപടിയില്ല

Posted on: November 1, 2014 12:22 pm | Last updated: November 1, 2014 at 12:22 pm

കാളികാവ്: തകര്‍ന്ന് ഗതാഗതത്തിന് അനുയോജ്യമല്ലാത്ത ചെങ്കോട്- ചാഴിയോട് റോഡ് നവീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പ്രദേശത്തെ പല റോഡുകളും ടാറിംഗിലൂടെയും കോണ്‍ക്രീറ്റിംഗിലൂടെയും നവീകരിച്ചുവെങ്കിലും പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ചാഴിയോട് റോഡിന് അധികൃതരുടെ കടുത്ത അവഗണനയാണ് നേരിടുന്നത്.
ചാഴിയോട്‌നിന്നും അടക്കാകുണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും കാളികാവ് ഗവ. യു. പി സ്‌കൂളിലേയും ദിവസേന നിരവധി വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന റോഡാണിത്. കാളികാവ് ഗവ. ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുമെല്ലാം ആളുകള്‍ക്ക് എത്തിപ്പെടാനും ഈ റോഡ് തന്നെ ശരണം. കാല്‍നടയായും ഓട്ടോ വഴിയും നിരവധി പേര്‍ ചാഴിയോട്ടേക്ക് എത്താറുണ്ട്. എന്നാല്‍ മഴയില്‍ തകര്‍ന്ന റോഡില്‍ പാറ ക്വാറി വേസ്റ്റ് പോലും ഇടാന്‍ അധികൃതര്‍ തയ്യാറായില്ല.
പഞ്ചായത്തിലെ ഏഴ,് പതിനൊന്ന് എന്നീ വാര്‍ഡുകളിലൂടെ കടന്ന് പോവുന്ന റോഡിനെ ഇരു വാര്‍ഡ് അംഗങ്ങളും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.