കൊടുവള്ളിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Posted on: November 1, 2014 12:13 pm | Last updated: November 1, 2014 at 12:13 pm

കൊടുവള്ളി: അങ്ങാടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നിരവധി തവണ ട്രാഫിക് പരിഷ്‌കരണം പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്തും പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുത്തിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്ന രീതിയാണിപ്പോള്‍ കൊടുവള്ളിയില്‍. ദേശീയപാത 212 ന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ അങ്ങാടിയില്‍ വാഹനക്കുരുക്കഴിഞ്ഞ നേരമില്ല. അങ്ങാടിയില്‍ സീബ്രാ ലൈനില്‍ പോലും റോഡ് മുറിച്ച് കടക്കാന്‍ ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ സഹായത്തിന് പോലീസും എത്തുന്നില്ല. ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും പഴക്കമേറെ. ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും പാര്‍ക്കിംഗിനായി കൈയടക്കിയാലും പോലീസ് നോക്കി നില്‍ക്കും
മാര്‍ക്കറ്റ് റോഡിലും ഹൈസ്‌കൂള്‍ റോഡിലും സ്ഥിതി ഭിന്നമല്ല. കൊടുവള്ളി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, ബൈപ്പാസ് റോഡ് പ്രവേശന കവാടം, സിറാജ് ബൈപ്പാസ് റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.